road

വിതുര: തോരാമഴയിൽ വിറങ്ങലിച്ച് മലയോര മേഖലയിലെ പഞ്ചായത്തുകൾ. മണിക്കൂറുകൾ നിറുത്താതെ പെയ്ത കനത്ത മഴയിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. ഏക്കർ കണക്കിന് പ്രദേശത്തെ കൃഷി നശിച്ചു. വിതുര, തൊളിക്കോട്, ആര്യനാട്, നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ മണിക്കൂറുകളോളം വെള്ളത്തിൽ മുങ്ങി. ഞായറാഴ്ച രാത്രിയിൽ ആരംഭിച്ച മഴ ഇന്നലെ ഉച്ചയോടെ ശക്തി പ്രാപിക്കുകയായിരുന്നു.

ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായതിനെ തുടർന്ന് ഇന്നലെയും ഉരുൾപൊട്ടിയെന്ന കിംവദന്തി പടർന്നിരുന്നു. വിതുര ഫയർഫോഴ്സും പൊലീസും ചേർന്നാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.

വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ അനവധി വീടുകളിലും കടകളിലും വെള്ളം കയറി. പൊന്മുടി-തിരുവനന്തപുരം സംസ്ഥാനപാതയിലെ മിക്ക ജംഗ്ഷനുകളിലും വെള്ളക്കെട്ടുണ്ടായി. വിതുര കലുങ്ക് ജംഗ്ഷൻ, ഹൈസ്കൂൾ ജംഗ്ഷൻ, ശിവൻകോവിൽ ജംഗ്ഷൻ, ചിറ്റാർ മേഖലകൾ വെള്ളത്തിൽ മുങ്ങി. മരുതാമല മക്കിയിൽ നദി കരകവിഞ്ഞൊഴുകി നിരവധി വീടുകളിൽ വെള്ളം കയറിയതോടെ ജനങ്ങൾ സമീപത്തെ ഇരുനിലവീടുകളിൽ അഭയംതേടി. വിതുരയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.

ശിവൻകോവിൽ ജംഗ്ഷനിലെ തോട് നിറഞ്ഞ് പൊന്മുടി റോഡിലേക്ക് ഒഴുകിയതോടെ കടകളിൽ വെള്ളം കയറി. മുടിപ്പുര ശ്രീഭദ്രകാളി ക്ഷേത്രവും കളിയിക്കൽ, ശിവൻകോവിൽ ഏലാകളും വെള്ളത്തിനടിയിലായി. മഴയ്ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റും വ്യാപക നാശം വിതച്ചു. നിരവധി മരങ്ങൾ ഒടിഞ്ഞും കടപുഴകിയും നിലംപതിച്ചു. കമ്പികൾ പൊട്ടിയതോടെ വൈദ്യുതി വിതരണവും താറുമാറായി. വിതുര-നന്ദിയോട്-പാലോട് റോഡിൽ കാലങ്കാവിന് സമീപം മരം കടപുഴകി വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. വിതുരയിൽ നിന്നും ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

വാമനപുരം നദിയും കരകവിഞ്ഞു

വാമനപുരം നദി നിറഞ്ഞൊഴുകിയതിനെ തുടർന്ന് ചെറ്റച്ചൽ, പൊന്നാംചുണ്ട് പാലങ്ങൾ വെള്ളത്തിനടിയിലായി. മണിക്കൂറുകളോളം വിതുര-പൊന്നാംചുണ്ട്-തെന്നൂർ റൂട്ടിൽ ഗഗാഗതം നിലച്ചു.

ആദിവാസി മേഖലകൾ ഒറ്റപ്പെട്ടു

പൊന്മുടി വനമേഖലയിൽ ശക്തമായ മഴപെയ്തതിനെ തുടർന്ന് കല്ലാറിലേക്ക് മലവെള്ളപ്പാച്ചിലുണ്ടായി. കല്ലാർ നദി കരകവിഞ്ഞൊഴുകി. പൊന്മുടി റോഡിൽ മൂന്നിടത്ത് മണ്ണിടിച്ചിൽ ഉണ്ടായി. മിക്ക ആദിവാസി മേഖലകളും ഒറ്റപ്പെട്ടു. പൊടിയക്കാല, മൊട്ടമൂട് മേഖലകളിലെ ആദിവാസികൾ പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയിലാണ്

പേപ്പാറ ഡാമിലെ ഷട്ടറുകൾ ഉയർത്തി

പേപ്പാറ ഡാമിൽ ജലനിരപ്പ് ഗണ്യമായി ഉയർന്നതിനെ തുടർന്ന് ഡാമിലെ മൂന്ന് ഷട്ടറുകൾ ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി പത്ത് സെന്റിമീറ്റർ വീതം ഉയർത്തി.

പേപ്പാറ വനമേഖലയിൽ ശക്തമായ മഴ തുടരുകയാണ്. ഈ സ്ഥിതി തുടർന്നാൽ ഷട്ടറുകൾ ഇനിയും ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു.