തിരുവനന്തപുരം: ദേശീയപാത 66ൽ ചേർത്തല – കഴക്കൂട്ടം റീച്ച് വികസനത്തിന്റെ ഭാഗമായി നിലവിലെ ചവറ പാലം വീതികൂട്ടാനാവില്ലെന്നും പകരം അവിടെ മൂന്നുവരിയോട് കൂടിയ പുതിയ പാലം നിർമ്മിക്കുമെന്ന് മന്ത്രി പി .എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. ചവറയിൽ പഴയ പാലം നിലനിറുത്തുന്നതുമായ ബന്ധപ്പെട്ട് സർക്കാരിന്റെ സംശയത്തിനുള്ള മറുപടിയിലാണ് നാഷണൽ ഹൈവേ അതോറിട്ടി ഇക്കാര്യമറിയിച്ചത്. നിലവിലെ ചവറ പാലത്തിന് ഏഴു മീറ്റർ വീതിയുണ്ട്. ആർച്ച് ബ്രിഡ്ജായതിനാൽ വീതി കൂട്ടാനാവില്ല. പകരം ദേശീയ പാത വീതി കൂട്ടുമ്പോൾ പുതിയ പാലം നിർമ്മിക്കും.പുതിയ പാലത്തിലൂടെ ഒരു ദിശയിലേക്കുള്ള വാഹനങ്ങൾ കടത്തി വിടും. നിലവിലുള്ള പാലം മറുഭാഗത്തേക്കുള്ള ഗതാഗതത്തിന് ഉപയോഗിക്കാനാകുമെന്നും ദേശീയപാതാ വികസന അതോറിറ്റി അറിയിച്ചിട്ടുണ്ട്.
4.9 മീറ്റർ വെർട്ടിക്കൽ ക്ലിയറൻസ് ഉള്ളതാണ് നിലവിലെ പാലം. ബീം ഉരസാതിരിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തും. പാലത്തിന്റെ സുരക്ഷയ്ക്കായി പുനരുദ്ധാരണപ്രവൃത്തി നടത്താമെന്നും നിർമ്മാണസമയത്ത് ഐ .ആർ. സി മാനദണ്ഡം പാലിക്കുമെന്നും ദേശീയപാത അതോറിറ്റി അറിയിച്ചിട്ടുണ്ടെന്നും സുജിത് വിജയൻപിള്ളയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.