oct11a

ആറ്റിങ്ങൽ: ചിറയിൻകീഴ് താലൂക്കിൽ കമ്മ്യൂണിസ്റ്ര് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിൽ നിന്ന ആറ്റിങ്ങൽ കൊടുമൺ പി.എസ് ഭവനിൽ കർഷക സംഘം സുകുമാരൻ എന്നു വിളിക്കുന്ന കെ. സുകുമാരപിള്ളയുടെ (86)​ മൃതദേഹം സംസ്കരിച്ചു. സി.പി.എം ആറ്റിങ്ങൽ മേഖലയിലെ പ്രമുഖ നേതാവും കേരള കർഷക സംഘത്തിന്റെ ശക്തനായ നേതാവുമായിരുന്നു സുകുമാരപിള്ള. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.

കർഷക സംഘം ചിറയിൻകീഴ് താലൂക്ക് സെക്രട്ടറി,​ ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി,​ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്,​ ദീർഘകാലം സി.പി.എം ആറ്റിങ്ങൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി,​ ഏരിയ കമ്മിറ്റി അംഗം,​ ആറ്റിങ്ങൽ ടൗൺ സർവീസ് സഹകരണ ബാങ്ക് പ്രസിഡ‌ന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ പത്മിനി അമ്മ (സി.പി.എം ലോക്കൽ കമ്മിറ്റി മുൻ അംഗം)​.