veedu-thakarnna-nilayil

കല്ലമ്പലം: കനത്ത മഴയിൽ കരവാരം, നഗരൂർ, നാവായിക്കുളം, പള്ളിക്കൽ, മടവൂർ, മണമ്പൂർ, ഒറ്റൂർ, പഞ്ചായത്ത്‌ പരിധികളിൽ വൻ നാശനഷ്ടം.

കൊയ്യാൻ പാകത്തിൽ നിന്ന ഏക്കറുകണക്കിന് നെൽപ്പാടങ്ങൾ വെള്ളത്തിനടിയിലായി. മഴ തുടരുകയാണെങ്കിൽ വെള്ളം ഇറങ്ങുമ്പോഴേക്കും നെല്ല് മുളയ്ക്കുമോയന്ന ആശങ്കയിലാണ് കർഷകർ. തോടുകൾ കരകവിഞ്ഞൊഴുകി. മരങ്ങൾ പലയിടത്തും കടപുഴകി. മതിലുകൾ തകർന്നു. മറ്റ് കാർഷിക വിളകളും നശിച്ചു.

കനത്ത മഴയിൽ നിർദ്ധന കുടുംബത്തിന്റെ വീടിന്റെ ഭിത്തി തകർന്നു. ചെമ്മരത്തുമുക്ക് കുറിയിടത്തുകോണം നഭസിൽ ശ്യാംകുമാറിന്റെ വീടാണ് തകർന്നത്. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിയോടെയായിരുന്നു അപകടം. വീടിന്റെ അടുക്കള ഭാഗത്തെ ഭിത്തിയാണ് ആദ്യം വലിയ ശബ്ദത്തോടെ തകർന്നത്. ഇതുകേട്ട് ഉറക്കത്തിൽ നിന്നുണർന്ന വീട്ടുകാർ പുറത്തേക്കിറങ്ങിയ ഉടൻ ശേഷിക്കുന്ന ഭിത്തിയിൽ വിള്ളൽ വീഴുകയും രാവിലെയോടെ അതും തകരുകയുമായിരുന്നു.