പാലോട്: പാലോടിന്റെ വിവിധ പ്രദേശങ്ങളിലും കനത്ത മഴ നാശം വിതച്ചു. പൊട്ടൻചിറ, പച്ച, ഓരുക്കുഴി, പുലിയൂർ, പയറ്റടി, ഇളവട്ടം, കുറുപുഴ, പ്ലാവറ, പവ്വത്തൂർ എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി. വഞ്ചുവം, കുറുപുഴ, പച്ച എന്നിവിടങ്ങളിൽ തോട് കരകവിഞ്ഞൊഴുകുകയാണ്. ജവഹർ കോളനിയിൽ ലക്ഷംവീടിന് സമീപം മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് റോഡിലേക്ക് കൂറ്റൻ പാറകൾ അടർന്നുവീണു
പൊട്ടൻചിറ, പയറ്റടി, ഓരുകുഴി, കുശവൂർ, പവ്വത്തൂർ, കരിമ്പിൻകാല, പെരിങ്ങമ്മല പറങ്കിമാംവിള, ഇടിഞ്ഞാർ, മങ്കയം ,കൊല്ലായിൽ, ബ്രൈമൂർ എന്നിവിടങ്ങളിൽ ജനവാസ മേഖലയിലും കൃഷിയിടങ്ങളിലും വെള്ളം കയറി. വഞ്ചുവം മുതൽ ഇളവട്ടം വരെയുള്ള പ്രധാന റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. കാലൻകാവിനു സമീപം കൂറ്റൻ മരം റോഡിലേക്ക് വീണ് വൈദ്യുതി പോസ്റ്റുകൾ തകരുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു.
ജാഗ്രതാ നിർദ്ദേശം നൽകി
നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ജനങ്ങൾക്ക് പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകി. ശക്തമായ മഴവെള്ളപ്പാച്ചിലുമുണ്ട്. മഴ ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിൽ പെരിങ്ങമ്മല പഞ്ചായത്തിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. ഫോൺ: 047 22845532,9526984882. പാലോട് പൊലീസ് :047 22840 260