കിളിമാനൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ പോങ്ങനാട് കീഴ്പേരൂർ വയൽക്കുളം ( തെക്കുംകര) ക്ഷേത്രത്തിൽ ഞായറാഴ്ച രാത്രിയിൽ മോഷണം. ശ്രീകോവിൽ തകർത്തശേഷം സ്റ്റോർ മുറിയിൽ കടന്ന് മോഷ്ടാക്കൾ രസീതുകൾ പുറത്തെ കിണറ്റിലേക്ക് വലിച്ചെറിയുകയും ദേവസ്വം ബോർഡിന്റെ പ്രധാന രേഖകളടക്കം മോഷ്ടിക്കുകയുമായിരുന്നു.
പ്രവേശന കവാടത്തിലെ വാതിലുകളും ഇവർ നശിപ്പിച്ചു. രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് മോഷണവിവരം അറിയുന്നത്. നഗരൂർ പൊലീസ്, വിരലടയാള വിദഗ്ദ്ധർ എന്നിവർ സ്ഥലത്തെത്തി തെളിവെടുത്തു. അന്വേഷണം ശക്തമാക്കിയതായി നഗരൂർ സി.ഐ അറിയിച്ചു.