തിരുവനന്തപുരം: ഉത്ര കൊലക്കേസ് തെളിയിക്കാൻ പരമാവധി സാഹചര്യ തെളിവുകൾ കോടതിയിലെത്തിച്ചെന്ന് എസ്.പി ഹരിശങ്കർ പറഞ്ഞു.
സൈബർ ഫോറൻസിക്, മൊബൈൽ യൂട്യൂബ് സെർച്ച്, ആനിമൽ ഡിഎൻഎ, കെമിക്കൽ അനാലിസിസ്, ഹ്യൂമൻ ഓട്ടോപ്സി എന്നിങ്ങനെ ശാസ്ത്രീയ പരിശോധനകളിലും കൊലപാതകം തന്നെയെന്ന് തെളിഞ്ഞു. പ്രതിക്ക് വധശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷ. മെഡിക്കൽ കോളേജ് ഫോറൻസിക് ഹെഡ് ഡോ.ശശികല, വനം ഉദ്യോഗസ്ഥർ, വെറ്ററിനറി ഡോക്ടർമാർ, പാമ്പുപിടുത്തക്കാർ എന്നിവരുടെ സഹായവും ലഭിച്ചു. പ്രതിയുടെ യൂട്യൂബ് സെർച്ചും തെളിവായി മാറി. അണലി കടിച്ചിട്ടും ഉത്ര മരിക്കാതിരുന്നതിനാലാണ് മൂർഖന്റെ വിവരങ്ങൾ തെരഞ്ഞത്. സ്വത്തുക്കൾ കൈക്കലാക്കുന്നതിന് ഉത്രയെ ഒഴിവാക്കാൻ ഉറപ്പുള്ള ആയുധം ഉപയോഗിക്കുകയാണ് സൂരജ് ചെയ്തത്- ഹരിശങ്കർ പറഞ്ഞു.