കിളിമാനൂർ: രണ്ടുദിവസമായി തിമിർത്ത് പെയ്യുന്ന മഴയിൽ കിളിമാനൂർ മേഖലയിൽ വൻ നാശം. നഗരൂർ പഞ്ചായത്തിൽ രണ്ടുവീടുകൾ തകർന്നു. മണ്ണിടിച്ചിൽ സാദ്ധ്യതയുള്ളതിനാൽ പഴയകുന്നുമ്മേൽ പഞ്ചായത്തിൽ പല വീടുകളും തകർച്ചാഭീഷണിയിലാണ്. നഗരൂർ പഞ്ചായത്തിലെ വെള്ളല്ലൂർ ഈഞ്ചമൂല കോട്ടിച്ചിറ ശാന്തയുടെ വീടിന്റെ ഭിത്തി പാറയും മണ്ണും ഇടിഞ്ഞിറങ്ങി തകർന്നു. പഴയകുന്നുമ്മേൽ പഞ്ചായത്തിൽ കാനറ വൈദ്യുതി ശ്മശാനത്തിന് മുന്നിലുള്ള പടുകൂറ്റൻ പാറ കനത്തമഴയിൽ റോഡിലേക്ക് ഇടിഞ്ഞുവീണു. ഈ സമയം ഈ റോഡിൽ വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാത്തതിനാൽ വൻ ദുരന്തം വഴിമാറി.
പഞ്ചായത്തിലെ ആറ്റൂർ ഫിർദൗസിൽ സലീമിന്റെ വീടിന് സമീപത്തെ കുന്ന് ഇടിഞ്ഞുവീണു. കിടപ്പുമുറിയോട് ചേർന്ന ഭാഗത്തെ മണ്ണാണ് ഇടിഞ്ഞത്. വീടിന്റെ സൺഷേഡും തകർന്നിട്ടുണ്ട്. അപകടസമയത്ത് വീട്ടുകാർ ഇവിടെ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. ഫയർഫോഴ്സ്, റവന്യു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇവരെ ഇവിടെ നിന്ന് മാറ്റി. സമീപത്തുള്ള രണ്ട് വീട്ടുകാരെയും ഒഴിപ്പിച്ചു. വണ്ടന്നൂർ ഇടക്കുന്ന് റോഡിലേക്കും സമീപത്തെ മൺതിട്ട ഇടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. ഇതിന് സമീപത്തെ ബാബുവിന്റെ ഈഞ്ചവിള വീടും തകർച്ചാഭീഷണിയിലാണ്. ഇവരെയും മാറ്റിപ്പാർപ്പിച്ചു. കിളിമാനൂർ പൊലീസ് സ്റ്റേഷൻ- തൊളിക്കുഴി റോഡിലെ ചവേറ്റിക്കാട് ജംഗ്ഷനിൽ റോഡിലേക്ക് കുന്നിടിഞ്ഞുവീണു. നൂറോളം റബർമരങ്ങളും മറ്റ് വൃക്ഷങ്ങളും കടപുഴകി.
രാത്രി വൈകിയും കനത്ത മഴ തുടരുന്നതിനാൽ എം.സി റോഡിലെ നിലമേൽ മുതൽ കിളിമാനൂർ വരെയുള്ള ഭാഗത്തെ ഗതാഗതം താത്കാലിമായി വഴിതിരിച്ചുവിട്ടു. ഈ ഭാഗത്തെ റോഡ് വെള്ളത്തിനടിയിലായിട്ടുണ്ട്. അടയമൺ ഏലാ, വെള്ളല്ലൂർ ഏലാ, കോട്ടയ്ക്കൽ ഏലാ, കീഴ്‌പേരൂർ ഏലാ എന്നിവയിൽ വെള്ളം കയറി കൃഷി പൂർണമായും നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ഉണ്ടായത്. ചിറ്റാറിലെ ജലനിരപ്പും അപകടകരമായ രീതിയിൽ ഉയർന്നിട്ടുണ്ട്. നദീതീരങ്ങളിൽ താമസിക്കുന്നവരെല്ലാം കടുത്ത ആശങ്കയിലാണ്. പഴയകുന്നുമ്മേൽ പഞ്ചായത്തിൽ നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളിൽ പ്രസിഡന്റ് കെ. രജേന്ദ്രൻ, റവന്യു ഉദ്യോഗസ്ഥർ എന്നിവർ സന്ദർശനം നടത്തി.