ഏകദേശം 36 ലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന മെഗലഡോൺ സ്രാവുകളെ പറ്റി കേട്ടിട്ടുണ്ടോ. ? അറുപതടിയോളം നീളവും മൂർച്ചയേറിയ പല്ലുകളോടും കൂടിയ ഭീമാകാരൻ സ്രാവുകൾ. തിമിംഗലങ്ങളെ പോലും വിറപ്പിക്കുന്ന രാക്ഷസ സ്രാവ്.
മെഗലഡോൺ സ്രാവുകളുടെ കുഞ്ഞുങ്ങൾക്ക് തന്നെ ജനിക്കുമ്പോൾ ഏതാണ്ട് ആറടിയോളം നീളം വരുമെന്നാണ് ഗവേഷകരുടെ നിഗമനം. മെഗലഡോൺ കുഞ്ഞുങ്ങളെ പോലും മറ്റ് കടൽ ജീവികൾ ഭയന്നിരുന്നത്രെ. കാരണം, അവർ അത്രയ്ക്ക് അക്രമസ്വഭാവമുള്ളവ ആയിരുന്നു.
സമുദ്രത്തിൽ മെഗലഡോണുകൾക്ക് എതിരാളികളില്ലായിരുന്നു. ചെറിയ തിമിംഗലങ്ങളെ വരെ മെഗലഡോണുകൾ സ്ഥിരമായി ഭക്ഷിച്ചിരുന്നു. ഒമ്പതടിയിലേറെ വ്യാസമുണ്ടായിരുന്ന ഇവയുടെ വായ്ക്കുള്ളിൽ 276 പല്ലുകളുണ്ടായിരുന്നു. അതും വളരെ മൂർച്ചയേറിയവ. ഇരയെ ഒറ്റക്കടിയ്ക്ക് ഇല്ലാതാക്കാൻ ഈ പല്ലുകൾ ധാരാളമായിരുന്നു.
ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് മൺമറഞ്ഞ മെഗലഡോണുകളെ പറ്റിയുള്ള നിർണായക വിവരങ്ങൾ ലഭിച്ചത് ഗവേഷകർ കണ്ടെടുത്ത അവയുടെ പല്ലുകളുടെ ഫോസിലിൽ നിന്നാണ്. അതേ സമയം, മെഗലഡോണിന്റെ ഭക്ഷണശീലം തന്നെയാണ് അവയുടെ വംശനാശത്തിനും കാരണമായതെന്ന് ചൂണ്ടിക്കാട്ടുകയാണ് അടുത്തിടെ നടത്തിയ ഒരു ശാസ്ത്ര പഠനം. കഴിഞ്ഞ 83 ദശലക്ഷം വർഷത്തിനിടെ ഭക്ഷണക്രമത്തിനും കാലാവസ്ഥാ മാറ്റങ്ങൾക്കും അനുസൃതമായാണ് പ്രധാനമായും സ്രാവ് വർഗങ്ങളുടെ പരിണാമം സംഭവിച്ചിരിക്കുന്നതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
അഞ്ച് തവണയാണ് സ്രാവുകൾ വംശനാശത്തെ അതിജീവിച്ചത്. എന്നാൽ, മെഗലഡോണുകൾക്ക് ഇതിന് കഴിഞ്ഞില്ല. മെഗലഡോണുകളുടെ പ്രധാന ഭക്ഷണം തിമിംഗലങ്ങളായിരുന്നു. ഇന്നത്തെ തിമിംഗലങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു അക്കാലത്ത് ജീവിച്ചിരുന്നവ. സ്പേം തിമിംഗലങ്ങളുടെ പൂർവികരായിരുന്ന ലെവിയേത്തൻ മെൽവില്ലെയ് എന്ന ഭീമൻ തിമിംഗലങ്ങളെ വരെ മെഗലഡോണുകൾ അകത്താക്കിയിരുന്നിരിക്കാമെന്നാണ് വിലയിരുത്തൽ. മയോസീൻ - പ്ലൈയോസീൻ കാലഘട്ടങ്ങൾക്കിടെയുണ്ടായ ശക്തമായ ശീത കാലാവസ്ഥയാണ് മെഗലഡോണുകൾക്ക് വിനയായതെന്നാണ് ഗവേഷകർ പറയുന്നത്. സമുദ്രം തണുത്തതോടെ മിക്ക ജീവികളും ചത്തു.
പൊതുവെ ചൂട് കാലാവസ്ഥയിൽ ജീവിച്ചിരുന്ന മെഗലഡോണുകൾക്ക് തണുപ്പും ഒപ്പം ഭക്ഷണം കിട്ടാതായതോടെയുള്ള പട്ടിണിയും അവയുടെ വംശനാശത്തിന് കാരണമായി. മെഗലഡോണുകൾ അപ്രത്യക്ഷമായതിന് പിന്നിലെ കാരണമായി നേരത്തെ തന്നെ ഈ വാദം നിലനിൽക്കുന്നുണ്ട്. മെഗലഡോണുകളുടെ പരമ്പരയിൽപ്പെട്ട ഇന്നത്തെ ലാംനിഫോർമീസ് വിഭാഗത്തിൽപ്പെട്ട സ്രാവുകളിൽ നടത്തിയ പഠനങ്ങളിൽ മിക്ക സ്പീഷീസിൽപ്പെട്ടവയും ചില പ്രത്യേകയിനം ഭക്ഷണങ്ങളോടാണ് താത്പര്യം കാണിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.
ചെറു മത്സ്യങ്ങൾ മുതൽ കടൽ സസ്തനികൾ വരെ ഇക്കൂട്ടത്തിലുണ്ട്. ആവർത്തിച്ചുള്ള വംശനാശ ഭീഷണികളെ അതിജീവിച്ചതിനാലാകാം ഇവയിൽ ഇത്തരത്തിൽ വൈവിധ്യം കുറഞ്ഞ് കാണപ്പെടുന്നതെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.