വെഞ്ഞാറമൂട്: ലൈഫ് ഭവനപദ്ധതിയിൽ നിന്ന് തഴയപ്പെട്ട വിധവ താമസിക്കുന്ന ഒറ്റമുറിവീട് ശക്തമായ മഴയിൽ തകർന്നു. നെല്ലനാട് പഞ്ചായത്ത് കാവറ വാർഡിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ പത്മിനിഅമ്മയും ഒൻപത്, നാല് ക്ലാസുകളിൽ പഠിക്കുന്ന ചെറുമക്കളും താമസിച്ചിരുന്ന ജീർണാവസ്ഥയിലുള്ള വീടാണ് തകർന്നത്.
ഇരുപത്തിഅഞ്ച് വർഷം മുമ്പ് തണൽ ഭവനപദ്ധതി പ്രകാരം നിർമ്മിച്ച ഓട് മേഞ്ഞ ഒറ്റമുറി വീട്ടിലാണ് നിർദ്ധന കുടുംബം അന്തിയുറങ്ങിയിരുന്നത്. ചോർന്നൊലിക്കുകയും ചുവരുകൾക്ക് ബലക്ഷയം സംഭവിക്കുകയും ചെയ്തതോടെ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നവുമായി കഴിഞ്ഞ പത്ത് വർഷത്തോളമായി അധികാര കേന്ദ്രങ്ങളിൽ അപേക്ഷയും നിവേദനങ്ങളുമായി കയറിയിറങ്ങുകയായിരുന്നു പത്മിനിഅമ്മ. എന്നാൽ നിരാശ മാത്രമായിരുന്നു ഫലം. വാർഡ് മെമ്പർ ഇടപെട്ട് ലൈഫ് ഭവന പദ്ധതിയുടെ മുൻഗണനാ പട്ടികയിൽ ഒന്നാമതായി പദ്മിനി അമ്മയെ ഉൾപ്പെടുത്തിയെങ്കിലും ഗ്രാമപഞ്ചായത്തിൽ നിന്നും പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥർ വീടിന്റെ ചുവരുകൾക്ക് ഉറപ്പുണ്ടെന്നു റിപ്പോർട്ട് നൽകി പട്ടികയിൽ നിന്നും ഒഴിവാക്കുകയായിരുന്നു.
ലൈഫ് പദ്ധതിയിൽ വീട് ലഭിക്കാൻ മൂന്ന് സെന്റ് പുരയിടം വേണമെന്ന നിയമവും രണ്ട് സെന്റ് മാത്രമുള്ള ഇവരുടെ സ്വപ്നത്തിനു വിലങ്ങുതടിയായി. മുഖ്യമന്ത്രിക്കും കളക്‌ടർക്കും വാർഡ് മെമ്പറുടെ സഹായത്തോടെ നിവേദനം നൽകി വീടെന്ന സ്വപ്നവും പേറി ജീവിക്കുമ്പോഴാണ് രണ്ടുദിവസമായുള്ള കനത്ത മഴയിൽ വീട് തകർന്നത്. വീട്ടുജോലി ചെയ്ത് ലഭിക്കുന്ന തുച്ഛവരുമാനത്തിലാണ് ഇവരുടെ കുടുംബം കഴിയുന്നത്. വീട് തകർന്നതോടെ വാർഡ് മെമ്പർ ഹസി സോമൻ ഇവരെ മറ്റൊരു വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. വാമനപുരം എം.എൽ.എ ഡി.കെ. മുരളിയുമായി ബന്ധപ്പെട്ട് പദ്മിനി അമ്മയ്ക്ക് വീട് ലഭിക്കുന്നതിനുവേണ്ട നടപടികൾ പൂർത്തിയാക്കുമെന്നും വാർഡ് മെമ്പർ പറഞ്ഞു.