accused

തിരുവനന്തപുരം: വിഴിഞ്ഞം കോട്ടുകാൽ പുന്നവിളയിലെ വീട്ടിൽ നിന്ന് പണവും വാച്ചും മോഷ്ടിച്ച കേസിൽ രണ്ടു പേരെ വിഴിഞ്ഞം പൊലീസ് പിടികൂടി. കരുംകുളം പി.പി വിളാകം പുരയിടത്തിൽ അമ്മു എന്ന് വിളിക്കുന്ന വർഗീസ് (24), കണ്ണൂർ ചെങ്ങളായി കല്ലുക്കിയിൽ വീട്ടിൽ മുഹമ്മദ് റയിസ് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 29ന് പുലർച്ചെയായിരുന്നു മോഷണം.

കോട്ടുകാൽ പുന്നവിളയിലെ തുളസീഭായിയുടെ വീട്ടിൽ കടന്ന പ്രതികൾ രണ്ടാം നിലയിലെ മേശയുടെ ഡ്രോയർ കുത്തിപ്പൊളിച്ച് 20,000 രൂപയും വിലപിടിപ്പുള്ള വാച്ചും കവരുകയായിരുന്നു. സമീപ പ്രദേശങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി, എസ്.ഐമാരായ സമ്പത്ത്, വിനോദ്, സി.പി. ഒമാരായ അജികുമാർ, കൃഷ്ണകുമാർ, ഷാഹിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.