തിരുവനന്തപുരം: നഗരസഭയിൽ പിരിച്ചെടുത്ത നികുതി തട്ടിച്ച് പകൽക്കൊള്ള നടത്തിയ ഉദ്യോഗസ്ഥരെ സി.പി.എം സംരക്ഷിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. യു.ഡി.എഫ് നടത്തുന്ന ജനകീയ സദസുകളുടെ നഗരതല ഉദ്ഘാടനം വെട്ടുകാട് നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം യൂണിയനിൽപ്പെട്ട ഉദ്യോഗസ്ഥർ എന്ത് അഴിമതി നടത്തിയാലും പാർട്ടി സംരക്ഷിക്കാൻ ശ്രമിക്കുന്നത് തുടർഭരണത്തിന്റെ അഹങ്കാരമാണ്.
350 കോടിയുടെ സഹകരണ ബാങ്ക് തട്ടിപ്പ് നടത്തിയ സി.പി.എമ്മിന് നഗരസഭയിലെ തട്ടിപ്പ് ചെറുതായി തോന്നാം. പാവപ്പെട്ട ജനങ്ങളുടെ കാശ് തട്ടിച്ചവരെ അറസ്റ്റ് ചെയ്യുന്നതുവരെ യു.ഡി.എഫ് സമരം തുടരുമെന്നും നിയമസഭയിൽ ഈ വിഷയം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബി. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി, മുൻ എം.എൽ.എ വി.എസ്. ശിവകുമാർ, ടി. ശരത്ചന്ദ്ര പ്രസാദ്, ബീമാപ്പള്ളി റഷീദ്, ജി.എസ്. ബാബു കൊട്ടാരക്കര പൊന്നച്ചൻ, തോന്നക്കൽ ജമാൽ, ഇറവൂർ പ്രസന്നകുമാർ, എം.ആർ. മനോജ്, കൗൺസിലർമാരായ പി. പത്മകുമാർ, ജോൺസൺ ജോസഫ്, ഡി.സി.സി ഭാരവാഹികളായ ലെഡ്ഗർ ബാവ, ബെർബി ഫെർണാണ്ടസ്, എം.എ. പത്മകുമാർ, വള്ളക്കടവ് നിസാം, പാളയം ഉദയകുമാർ, ആർ. ഹരികുമാർ, രാജു, ജോർജ് എന്നിവർ പങ്കെടുത്തു.