പാറശാല: കോടികളുമായി മുങ്ങിയ ഫിനാൻസ് ഉടമയുടെ പേരിലുണ്ടായിരുന്നതും ഇപ്പോൾ കേസിൽ ഉൾപ്പെട്ടതുമായ വസ്തു പൊലീസ് സഹായത്തോടെ തിരിച്ചുപിടിക്കാനെത്തിയവർ നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് സ്ഥലംവിട്ടു. അതിർത്തിക്ക് സമീപം ആലമ്പാറ പണ്ടാരക്കോണത്ത് ഇന്നലെ ഉച്ചയോടെയാണ് സംഭവം.
23 വർഷങ്ങൾക്ക് മുമ്പാണ് പണ്ടാരക്കോണത്തുണ്ടായിരുന്ന അനീഷ് ഫിനാൻസ് എന്ന സ്ഥാപനത്തിന്റെ ഉടമ 17 കോടിയിലേറെ രൂപ നാട്ടുകാരിൽ നിന്ന് തട്ടിയെടുത്തിന് ശേഷം മുങ്ങിയത്. ഇതിന് ശേഷം സ്ഥാപനം പ്രവർത്തിച്ചിരുന്ന കെട്ടിടവും സ്ഥലവും നിക്ഷേപകരിൽ ഒരാൾ കൈയടക്കി വച്ചിരിക്കുകയായിരുന്നു. മറ്റ് നിക്ഷേപകർ നൽകിയ പരാതികളിൽ കോടതിയിൽ കേസ് തുടരുന്നതിനിടെയാണ് വസ്തു തിരിച്ചുപിടിക്കാൻ പൊലീസുമായി ഫിനാൻസ് ഉടമയുടെ ബന്ധുക്കൾ എത്തിയത്.
നിക്ഷേപകർക്ക് അവരുടെ പണം തിരികെ നൽകാനാണ് സ്ഥലം ഏറ്റെടുക്കുന്നതെന്നാണ് ഇവർ പറഞ്ഞത്. പിന്നാലെ ഇവരുടെ ഗുണ്ടകളും എത്തിയതോടെയാണ് തങ്ങളെ കബളിപ്പിക്കുകയാണെന്ന കാര്യം നാട്ടുകാർക്ക് മനസിലായത്. പ്രതിഷേധം ശക്തമായതോടെ പൊലീസ് പിൻവാങ്ങി. വസ്തുവിന്റെ പേരിൽ കേസ് നടക്കുന്നതായുള്ള വിവരം അറിയില്ലെന്നും തങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് കൊണ്ടുവന്നതെന്നാണ് പൊലീസ് നാട്ടുകാരോട് പറഞ്ഞത്. വസ്തു ഒഴിപ്പിക്കാനെത്തിയവരെ പിന്നീട് തമിഴ്നാട് പൊലീസിന്റെ സഹായത്തോടെയാണ് തിരികെ കൊണ്ടുപോയത്.അതിർത്തിയിലെ കണ്ണുമാമൂട്, കളിയിക്കാവിള, തക്കല സ്റ്റേഷനുകളിൽ നിന്നും വനിതാ പൊലീസുകാർ ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തിയിരുന്നു.