തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയിൽ കാറുകൾ തകർത്ത കേസിൽ പിടിയിലായ ആറാമട സ്വദേശി എബ്രഹാം വി. ജോഷ്വാ മോഷണത്തിന് വേണ്ടിയാണ് അക്രമം നടത്തിയതെന്ന് പൊലീസ്. തകർന്ന കാറുകളിലൊന്നിൽ നിന്ന് 35000 രൂപ നഷ്ടമായതായി കണ്ടെത്തി. നേരത്തെ നടത്തിയ അന്വേഷണത്തിൽ മൊബൈൽ ചാർജറുകൾ, കാർവാഷ്, സൺഗ്ലാസുകൾ എന്നിവ നഷ്ടമായതായി സ്ഥിരീകരിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മോഷണത്തിനും വാഹനങ്ങൾ നശിപ്പിച്ചതിനുമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ശനിയാഴ്ച അർദ്ധരാത്രിയിലായിരുന്നു റെയിൽവേ പാർക്കിംഗ് ഏരിയായിലെ 19 കാറുകൾ എബ്രഹാം വി. ജോഷ്വാ തകർത്തത്. പിറ്റേന്ന് തന്നെ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.