malayora-highway

മുക്കം: മലയോരത്തിന്റെ സമഗ്ര വികസനത്തിന് പ്രതീക്ഷയായി മലയോര ഹൈവേയുടെ പ്രവൃത്തി കോഴിക്കോട് ജില്ലയിൽ അതിവേഗം പുരോഗമിക്കുന്നു. കോടഞ്ചേരി മുതൽ കക്കാടംപൊയിൽ വരെയുള്ള ഭാഗത്താണ് പ്രവൃത്തി പുരോഗമിക്കുന്നത്. കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിലായി അഞ്ചു കിലോമീറ്റർ നീളത്തിൽ ടാറിംഗ് നടത്തി. ഏഴുമീറ്റർ വീതിയിലാണ് ടാറിംഗ് നടത്തിയത്. വൈദ്യുത തൂണുകൾ മാറ്റി സ്ഥാപിച്ചാൽ ബി.എം.ബി.സി. നിലവാരത്തിൽ ഒമ്പതു മീറ്റർ വീതിയിൽ ടാറിംഗ് നടത്തും.
സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതികളിൽ ഒന്നാണ് മലയോര ഹൈവേ. കാസർകോട് നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം പാറശ്ശാല വരെ നീളുന്നതാണ് ഹൈവേ. കോഴിക്കോട് ജില്ലയിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിൽ ഉൾപെടുന്ന കോടഞ്ചേരി, പുലിക്കയം, നെല്ലിപ്പൊയിൽ, ഇലന്തുകടവ്, പുല്ലൂരാംപാറ, പുന്നക്കൽ, കൂടരഞ്ഞി കരിങ്കുറ്റി, കൂടരഞ്ഞി പോസ്റ്റ് ഓഫീസ് ജംഗ്ഷൻ, കൂമ്പാറ, മേലേ കൂമ്പാറ, ആനക്കല്ലുംപാറ, അകമ്പുഴ, താഴെ കക്കാട്, കക്കാടംപൊയിൽ വഴിയാണ് മലയോര ഹൈവേ കടന്നുപോകുന്നത്. അവിടെ വച്ച് മലപ്പുറം ജില്ലയിലെ നിലമ്പൂരുമായി ബന്ധിപ്പിക്കും. കക്കാടംപൊയിലിലാണ് ഇപ്പോൾ നിർമ്മാണ പ്രവൃത്തി നടക്കുന്നത്. റോഡിന്റെ ഇരുവശവും വീതി കൂട്ടുന്ന പ്രവൃത്തി, കലുങ്കുകളുടെയും പാലങ്ങളുടെയും നിർമാണം, സംരക്ഷണ ഭിത്തി കെട്ടൽ തുടങ്ങിയ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്.

കൂടരഞ്ഞി പഞ്ചായത്തിൽ ആനക്കല്ലുംപാറ അകമ്പുഴതാഴെ കക്കാട് ഭാഗത്ത് നിലവിലുള്ള റോഡിൽ നിന്ന് മാറിയുളള അലൈൻമെന്റിനാണ് അംഗീകാരം ലഭിച്ചത്. ആറു കിലോമീറ്റർ ദൈർഘ്യത്തിൽ പുതുക്കിയ നിർദേശം കിഫ്ബിക്ക് സമർപ്പിച്ചിട്ടുണ്ട്. ഇവിടെ രണ്ടു പാലം നിർമ്മിക്കേണ്ടി വരും. ഇതിനായി എസ്റ്റിമേറ്റ് പുതുക്കണം. കൂടുതൽ കലുങ്കുകളും പണിയേണ്ടി വരും. കുടിയേറ്റ ജനതയുടെ സ്വപ്ന പദ്ധതിയായ മലയോര ഹൈവേയ്ക്ക് നാട്ടുകാർ അകമഴിഞ്ഞ സഹകരണമാണ് നൽകുന്നത്.

മിക്ക സ്ഥലത്തും റോഡിനുള്ള സ്ഥലം സൗജന്യമായി വിട്ടു നൽകി. ചുരുക്കം ചില ആളുകളാണ് ഇനി സ്ഥലം വിട്ടുനൽകാൻ ബാക്കിയുള്ളത്. ഇവരുമായി എം.എൽ.എയുടെയും മറ്റു ജനപ്രതിനിധികളുടേയും നേതൃത്വത്തിൽ ചർച്ച നടക്കുകയാണ്. നഷ്ടപരിഹാരമാവശ്യപ്പെട്ട് ചിലർ ഹൈക്കോടതിയ സമീപിച്ചിട്ടുണ്ടെങ്കിലും നിർമാണത്തെ ബാധിച്ചിട്ടില്ല.
തിരുവമ്പാടി മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് നാന്ദി കുറിക്കുന്ന സ്വപ്ന പദ്ധതിയാണിത്. ടൂറിസത്തിനും കാർഷിക മേഖലയ്ക്കും പുത്തനുണർവേകാനും ഉപകരിക്കും. കോടഞ്ചേരി മുതൽ കക്കാടാംപൊയിൽ വരെയുളള റീച്ചിന്റെ പ്രവൃത്തി 2020 ആഗസ്ത് 11ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് ഉദ്ഘാടനം ചെയ്തത്. രണ്ടു വർഷമാണ് നിർമ്മാണ കാലാവധി. 34.3 കിലോ മീറ്റർ നീളമുളള പാത 12 മീറ്റർ വീതിയിലാണ് നവീകരിക്കുന്നത്.
ഇരു വശങ്ങളിലും ഓടകൾ, ഭൂഗർഭ കേബിളുകളും പൈപ്പുകളും കടന്നുപോകുന്നതിനുളള കോൺക്രീറ്റ് ഡക്ടുകൾ, നിശ്ചിത ദൂരം ഇടവിട്ട് ക്രോസ് ഡക്ടുകൾ, കാര്യേജ് വേ, പ്രധാന കവലകളിൽ ഇന്റർലോക്ക് കട്ടകൾ പാകിയ നടപ്പാതകൾ, സൗരോർജ വിളക്കുകൾ, സിഗ്‌നൽ ലൈറ്റുകൾ, വിശ്രമ കേന്ദ്രങ്ങൾ, ബസ് ബേകൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, കക്കാടംപൊയിലിൽ പൊലീസ് എയ്ഡ് പോസ്റ്റ് എന്നിവ ഉൾപെടുന്നതാണ് ഹൈവേ. 155 കോടി രൂപയ്ക്ക് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പ്രവൃത്തി കരാർ ഏറ്റെടുത്തിട്ടുള്ളത്.