തലശ്ശേരി: തിരൂരിൽ സമാപിച്ച ദ്വിദിന സംസ്ഥാന ജൂനിയർ യോഗാസന സ്‌പോട്‌സ് ചാമ്പ്യൻഷിപ്പിൽ സൻമയ എസ്. നമ്പ്യാർ മിന്നും പ്രകടനത്തോടെ രണ്ടാം റാങ്കിനർഹയായി. ജൂനിയർ വിഭാഗത്തിന്റെ 12-14 വയസ് വിഭാഗത്തിലെ യോഗ ചാമ്പ്യൻഷിപ്പിലാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. പയ്യന്നൂരിലെ ഹയർ സെക്കൻഡറി അദ്ധ്യാപക ദമ്പതിമാരായ മാത്തിൽ സുരേഷിന്റെയും പദ്മജ സുരേഷിന്റെയും മകളാണ് സന്മയ എസ്. നമ്പ്യാർ.
ഗാസിയാബാദിൽ നടക്കുന്ന നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള യോഗ്യതയും നേടിയിട്ടുണ്ട് ഈ കൊച്ചു മിടുക്കി. അമ്മയുടെയും അച്ഛന്റെയും മേൽനോട്ടത്തിലും ഗുരു കൃഷ്ണദാസ് മാഷിന്റെ ശിക്ഷണത്തിലുമാണ് സന്മയ ഈ അപൂർവ നേട്ടം കൈവരിച്ചത്.
രണ്ടു വിദ്യാർഥികൾ ചേർന്ന് നടത്തുന്ന ആർട്ടിസ്റ്റിക് പെയർ മത്സരത്തിൽ സന്മയയുടെ ടീമിന് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. കാണികളെ മുൾമുനയിൽ നിർത്തിക്കൊണ്ട് അങ്കിത എന്ന കുട്ടിയുടെ ഉയർന്നു നിർത്തിയ കാലിൽ ഒരു പെൻഡുലം പോലെ സന്മയ ബാലൻസ് ചെയ്ത കാഴ്ച അത്ഭുതപ്പെടുത്തും.
കേവലം ഒരു വർഷം മാത്രം ലഭിച്ച ഓൺലൈൻ പരിശീലനത്തിലൂടെ തിളങ്ങുന്ന പ്രകടനം കാഴ്ച്ചവെച്ച സന്മയ യോഗാസന രംഗത്തെ ഭാവി വാഗ്ദാനമാണ്. പഠനത്തിലും സംഗീതത്തിലും നൃത്തത്തിലും പ്രാവീണ്യം തെളിയിച്ച സന്മയ ഒരു ബഹുമുഖ പ്രതിഭയാണ്. സന്മയയുടെ യു ട്യൂബ് ചാനൽ ഇതിനകം തന്നെ വൈറലായിട്ടുണ്ട്. സന്മയ അവതരിപ്പിച്ച ഫ്ലെക്‌സിബിലിറ്റി ഡാൻസ്, ഫ്ലിപ് ജേർണൽ, പേപ്പർ ആർട്ട്, അബ്‌സ്ട്രാക്ട് പെയിന്റിംഗ് തുടങ്ങിയ വിവിധങ്ങളായ തീമുകൾ സന്മയയുടെ യൂ ട്യൂബ് ചാനൽ വഴി നിരവധി പേർ കണ്ടു. പയ്യന്നൂർ കാങ്കോലിലെ മദർ സ്‌കൂൾ വൈപ്പിരിയയിലെ എട്ടാം തരം വിദ്യാർത്ഥിനിയാണ് ഈ കൊച്ചു മിടുക്കി.