gap

കാട്ടാക്കട: കാട്ടാക്കട കെ.എസ്.ആർ.ടി.സി വാണിജ്യ സമുച്ചയ ഭിത്തികളിൽ പല ഭാഗത്തും വിള്ളലുകൾ സംഭവിച്ചു. ഇതിനു കീഴെയാണ് ഒന്നുമറിയാതെ യാത്രക്കാർ ബസ് കാത്തു നിൽക്കുന്നത്. മൂന്ന് നിലകളിലായി നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിന്റെ പ്രധാന ഭാഗത്താണ് വലിയ വിള്ളൽ വീണിരിക്കുന്നത്. പലഭാഗങ്ങളും ഇത്തരത്തിൽ പൊട്ടിപൊളിഞ്ഞു തുടങ്ങിയിട്ടുണ്ട്. സിമന്റ് ഇളകി മാറിയതോടെ ഇരുമ്പുകമ്പികൾ പലതും തുരുമ്പെടുത്ത് നശിച്ചു. കെട്ടിടത്തിന്റെ വിള്ളൽ ദിവസം കഴിയുന്തോറും കൂടുതൽ വലുതാവുകയാണ്.

മൂന്ന് നിലകളിലായി മുപ്പത് മുറികളും രണ്ട് ഹാളുകളും അടങ്ങുന്ന കെട്ടിടത്തിൽ സെപ്റ്റിക് ടാങ്ക് നിർമ്മാണം പോലും ആശാസ്ത്രീയമാണ്. ദിവസങ്ങൾക്കുള്ളിൽ ഇത് തകരും. പതിനായിരങ്ങൾ വാടക നൽകുന്ന കച്ചവടക്കാർക്ക് ഖരമാലിന്യ സംസ്ക്കരണത്തിനും ഇവിടെ സൗകര്യം ഒരുക്കിയിട്ടില്ല.

കെട്ടിടത്തിൽ ഒരുവശത്തെ ചുമർ പതിനഞ്ച് അടിയിലേറെ പൊട്ടി മാറി നിൽക്കുന്നു. കൊണ്ണിയൂർ വെള്ളനാട് ഭാഗത്തേക്ക് പോകുന്ന ബസ് കാത്തു നിൽക്കുന്ന 13 നമ്പർ ഇടത്താണ് ഇത്തരത്തിൽ ഭിത്തിയിൽ വിള്ളൽ കാണുന്നത്. തുടക്കത്തിൽ തന്നെ നിർമാണത്തിലെ അപാകത പലരും ചൂണ്ടിക്കാട്ടിയെങ്കിലും ആരും ഇത് പരിഹരിക്കാൻ ശ്രമം നടത്തിയില്ലെന്ന് പ്രദേശവാസികൾ പറയുന്നു. മുറികൾക്കെല്ലാമായി 5 കോടിയിലേറെ രൂപ അഡ്വാൻസ് വാങ്ങി പ്രതിമാസം മൂന്ന് ലക്ഷത്തിലേറെ രൂപയാണ് വാടക ലഭിക്കുന്നത്. പൊട്ടി പൊളിഞ്ഞ കെട്ടിടത്തിലെ പിഴവുകൾ പരിഹരിച്ചില്ലെങ്കിൽ വൻ ദുരന്തത്തിന് വഴിവെയ്ക്കുമെന്നാണ് വ്യാപാരികളും യാത്രക്കാരും പറയുന്നത്.

** 2009 ഒക്ടോബറിൽ നിർമ്മാണം തുടങ്ങി 2011 ആഗസ്റ്റിൽ സമുച്ചയം ഉദ്ഘാടനം ചെയ്തു. കെട്ടിടത്തിന്റെ മേൽകൂരയായി നിർമ്മിച്ചിട്ടുള്ള ഷീറ്റുകളും പൊട്ടിപൊളിഞ്ഞു. ഇത് അടുത്തകാലത്ത് മാറ്റി. മൂന്ന് കോടിയിലേറെ തുക ചെലവഴിച്ച് പണിത കെട്ടിടമാണ് പത്ത് വർഷത്തിനിടയിൽ ഇത്തരത്തിൽ തകർന്നിരിക്കുന്നത്.