general

ബാലരാമപുരം: കഴിഞ്ഞദിവസം പെയ്ത മഴയിൽ വെള്ളായണി- കക്കാമ്മൂല ബണ്ട് റോഡ് വെള്ളത്തിൽ മുങ്ങി. ഇതോടെ വാഹനഗതാഗതം പ്രതിസന്ധിയിലായി. തിരുവല്ലം ബൈപ്പാസ്,​ പുന്നമൂട്,​ പെരിങ്ങമല,​ വെടിവെച്ചാൻകോവിൽ,​ നെയ്യാറ്റിൻകര,​ കരുമം,​ വണ്ടിത്തടം എന്നിവിടങ്ങളിൽ നിന്നും വാഹനത്തിലെത്തിയവർക്ക് റോഡിലെ വെള്ളം വില്ലനായി. കൂലിത്തൊഴിലാളികളും സ്വകാര്യമേഖലയിലും സർക്കാർ ഇതര സർവ്വീസിലും ജോലി ചെയ്യുന്ന നൂറ് കണക്കിന് ആളുകൾ പുന്നമൂട്,​ കാക്കാമ്മൂല,​ വെള്ളായണി തിരുവല്ലം വഴിയാണ് കടന്നുപോകുന്നത്. ബണ്ട് റോഡ് പൂർണമായും വെള്ളം കയറിയതോടെ കഴിഞ്ഞ നാല് ദിവസമായി വാഹനഗതാഗതവും താറുമാറായി. വെള്ളായണി കാർഷിക സർവ്വകലാശാലയിലേക്ക് വിദ്യാർത്ഥികളും അദ്ധ്യാപകരും മറ്റ് ജീവനക്കാരും ബസ്സിലും മറ്റ് വാഹനങ്ങളവും ദിവസവും എത്തിച്ചേരുന്ന പ്രധാനറോഡിലാണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നത്. കല്ലിയൂർ പഞ്ചായത്തിലെ നാല് വാർഡുകളിലെ താമസക്കാർ ഈ ബണ്ട് റോഡ് കടന്നാണ് വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്ത് ഓഫീസ്,​ വില്ലേജ് ഓഫീസ്,​ കല്ലിയൂർ പ്രാഥമികാരോഗ്യകേന്ദ്രം തുടങ്ങിയ സർക്കാർ കേന്ദ്രങ്ങളിലെത്തുന്നത്. റോഡിലൂടെ നടന്ന് 200 മീറ്റർ അകലെ സ്വന്തം വീടുകളിൽ പോലും എത്താൻ കഴിയാത്ത അവസ്ഥയിലാണ് ഇവിടത്തെ ജനങ്ങൾ.

** ത്രിശങ്കുവിലായ പദ്ധതി

2018 സംസ്ഥാന ബഡ്ജറ്റിൽ കാക്കാമ്മൂല ബണ്ട് റോഡിന് അരക്കിലോമീറ്റർ ദൂരം മേൽപ്പാലം പണിയാൻ 25 കോടി രൂപ കിഫ്ബി വഴി അനുവദിച്ചതായി പ്രഖ്യാപിച്ചു. എന്നാൽ പദ്ധതി ത്രിശങ്കുവിൽ തന്നെ. മേൽപ്പാലത്തിന്റെ നിർമ്മാണം നടക്കുമ്പോൾ താത്കാലികമായി വാഹനങ്ങൾക്ക് കടന്നുപോകൻ ബൈറോഡായി കരുതിയ റോഡിലാണ് ഭൂരിഭാഗം വാഹനങ്ങളും ഇപ്പോൾ കടന്നുപോകുന്നത്. സർക്കാർ ബഡ്ജറ്റിൽ ഫണ്ട് അനുവദിക്കുകയും ഫ്ലക്സ് ബോർഡുകൾ നാട്ടിയും റോഡിന്റെ വികസനം തിരഞ്ഞെടുപ്പിൽ പ്രചാരണായുധമായി വിവിധ രാഷ്ട്രീയകക്ഷികൾ ഉയർത്തിക്കാട്ടിയെങ്കിലും പ്രഖ്യാപനം കടലാസിലൊതുങ്ങി.

കാക്കാമ്മൂല –ബണ്ട് റോഡിലെ വെള്ളക്കെട്ട് ജനറേറ്റർ ഉപയോഗിച്ച് എത്രയും വേഗം നീക്കണം. റോഡിൽ ഗതാഗത പ്രതിസന്ധി നേരിടുന്ന സാഹചര്യം വിലയിരുത്താൻ ജനപ്രതിനിധികൾ അടിയന്തര പരിഹാരം കാണണം. കാക്കാമ്മൂല ഓവർ ബ്രിഡ്ജിന്റെ നിർമ്മാണജോലികൾ ഇനിയും അനിശ്ചിതത്വത്തിലായാൽ സമരവുമായി മുന്നോട്ടുപോകും. പഞ്ചായത്ത് എൽ.എസ്.ജി.ഡി വിഭാഗം സ്ഥലം സന്ദർശിച്ച് താത്കാലിക പരിഹാരം കാണണം.

പ്രദേശവാസികൾ