കല്ലമ്പലം: ചാങ്ങാട് ഭഗവതി ക്ഷേത്രത്തിൽ കഴിഞ്ഞ ആറുവർഷത്തെ പോലെ ഇക്കുറിയും നെൽകൃഷിക്ക് നൂറുമേനി വിളവ്. ഒരേക്കറിൽ അധികം വരുന്ന പാടത്താണ് ഇക്കുറി ക്ഷേത്ര ഭാരവാഹികൾ കൃഷിയിറക്കിയത്. ഓരോ വർഷവും കൂടുതൽ പാടങ്ങൾ ഏറ്റെടുത്ത് കൃഷി ചെയ്തുവരുന്ന ക്ഷേത്രം തുടർച്ചയായി ഏഴാം വർഷമാണ് വിജയക്കൊയ്ത്ത് നടത്തുന്നത്. ഇക്കുറി ട്രാക്ടർ പോലും എത്തിക്കാൻ സാധിക്കാത്ത പാടങ്ങളിലും കൃഷിയിറക്കി. ക്ഷേത്രത്തിലെ ഒരുകൂട്ടം ചെറുപ്പക്കാരാണ് ഇതിനുപിന്നിൽ. കൊയ്തെടുക്കുന്ന നെല്ല് ക്ഷേത്രത്തിലെ ആവശ്യത്തിനെടുക്കും. മുൻ വർഷങ്ങളിൽ അന്നദാനത്തിനും ഇവയാണ് ഉപയോഗിച്ചത്. നെൽകൃഷിയോടൊപ്പം ഇടവിളയായി പച്ചക്കറിക്കൃഷിയും നടത്തുന്നുണ്ട്. മുൻ വർഷങ്ങളിൽ കൃഷിഭവന്റെ സഹകരണത്തോടെ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് പ്രസാദം നൽകുന്നതിനൊപ്പം പച്ചക്കറി തൈകളും വിതരണം ചെയ്തിരുന്നു. കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് ചാങ്ങാട്ടമ്മ കർഷകമിത്ര എന്ന പേരിൽ എല്ലാ വർഷവും മികച്ച കർഷകന് അവാർഡ് നൽകുന്നുണ്ട്. ക്ഷേത്ര ഭാരവാഹികളായ പി. ജയേഷ്, എസ്.ആർ. അനൂപ്, അഭിലാഷ് ചാങ്ങാട്, എസ്. പങ്കജാക്ഷക്കുറുപ്പ്, ആർ. വിനോദ്, എസ്. ഹരികുമാർ, ആർ. രാമചന്ദ്രൻ എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്.