തിരുവനന്തപുരം: കരുനാഗപ്പള്ളി ഡിപ്പോയിൽ ഡീസൽ ചെലവ് പോലും കിട്ടാത്ത സർവീസുകൾ യാത്രക്കാരുടെ ലഭ്യതയനുസരിച്ച് പുന:ക്രമീകരിക്കുമെന്ന് മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. 48 സർവീസുകളിൽ 57ശതമാനം ട്രിപ്പുകളും നഷ്ടത്തിലാണ്.
ഡീസൽ ചെലവും ജീവനക്കാരുടെ ശമ്പളത്തിനുള്ള തുകയും പോലും കിട്ടുന്നില്ല. നഷ്ടം സഹിച്ച് അധികനാൾ സർവീസ് നടത്താനാവില്ല. കരുനാഗപ്പള്ളി ഗാരേജിന് പിന്നിലെ 32 വർഷം പഴക്കമുള്ള ഓട കോടതി ഉത്തരവിനെത്തുടർന്ന് അടച്ചതിനാലാണ് ഡിപ്പോയിലും റോഡിലും മലിനജലം നിറയുന്നത്. മഴയത്ത് വെള്ളം ഒഴുകിപ്പോവാൻ തടസമാണ്. വെള്ളം കെട്ടിനിന്ന് 30 മീറ്റർ മതിൽ ഇടിഞ്ഞു. യാർഡ് നവീകരണത്തിന് രണ്ടു കോടിയുടെ പദ്ധതി തയ്യാറാക്കി ബഡ്ജറ്റ് അംഗീകാരത്തിന് സമർപ്പിച്ചിട്ടുണ്ടെന്നും സി.ആർ.മഹേഷിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.