koode

വക്കം: വക്കത്ത് റോഡരുകിലെ മാലിന്യ ശേഖരണ കൂട് പരിസരവാസികൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. വക്കം പണയിൽക്കടവ് ഗുരുമന്ദിരത്തിന് സമിപത്ത് ഗ്രാമ പഞ്ചായത്ത് സ്ഥാപിച്ചിരിക്കുന്ന പ്ലാസ്റ്റിക് ശേഖരണ കൂടിന് സമീപത്ത് അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയുന്നത് പതിവാണ്. ശേഖരണ കൂടിന്റെ പരിസര പ്രദേശങ്ങളിൽ കാടു കയറിയ നിലയിലാണിപ്പോൾ. വാഹനങ്ങളിൽ വരുന്നവർക്ക് മാലിന്യങ്ങൾ വലിച്ചെറിയാനുള്ള ഒരു സ്ഥലമായി ഇവിടം മാറിയെന്ന് നാട്ടുകാർ പറയുന്നു. വലിച്ചെറിയുന്നതിൽ കൂടുതലും സാനിട്ടറി നാപ്കിനുകളും ഡയപ്പറുകളുമാണ്. ഇത് തെരുവ് മൃഗങ്ങൾ റോഡിലും വീടുകൾക്ക് മുന്നിലും വലിച്ചിടുന്നത് പതിവായി മാറിയിരിക്കുകയാണ്. പണയിൽക്കടവ് പാലത്തിന് സമീപം എസ് വളവിലാണി മാലിന്യ ശേഖരണ കൂട് സ്ഥാപിച്ചിരിക്കുന്നത്. യഥാസമയം പരിസരം വൃത്തിയാക്കാത്തതിനാൽ കൂടിന് മുകളിൽ പാഴ്ചെടികൾ വളർന്ന നിലയിലാണിപ്പോൾ. വീതി കുറഞ്ഞ റോഡിൽ ഈ കൂട് അപകടകരമാണന്നും നാട്ടുകാർ പറഞ്ഞു. ഈ മേഖലയിലെ പല തെരുവ് വിളക്കുകളും കത്താറില്ല. ഇത് മാലിന്യം വലിച്ചെറിയുന്നവർക്ക് ഗുണകരമാകുന്നു. മാലിന്യ ശേഖരണ കൂട് അടിയന്തരമായി എടുത്ത് മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ വക്കം ഗ്രാമ പഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ട്.