ആറ്റിങ്ങൽ: മഴക്കെടുതിയിൽ ചിറയിൻകീഴ് താലൂക്കിൽ നശിച്ചത് ഒൻപത് വീടുകൾ. പഴയകുന്നുമ്മേൽ, ഇടയ്ക്കോട്, കോരാണി, കൊടുവഴന്നൂർ, നഗരൂർ, ആലംകോട്, മഞ്ചാടിമൂട്, കല്ലുവിള, കരവാരം എന്നിവിടങ്ങളിലാണ് വീടുകൾ ഭാഗികമായി തകർന്നത്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ നിരവധി വീടുകളിൽ വെള്ളംകയറി.
ഏക്കർ കണക്കിന് ഭൂമിയിലെ കൃഷി നശിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്തിൽ 18,19 വാർഡുകളിൽ വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാൽ പടനിലം സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. 15 കുടുംബങ്ങളിലെ 32 പേരാണ് ക്യാമ്പിലുള്ളത്. ആറ്റിങ്ങൽ നഗരസഭയിൽ പനവേലിപറമ്പ്, കരിച്ചിയിൽ, മീമ്പാട്ട്, കൊട്ടിയോട്, ആളള്ളൂർ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ തിങ്കളാഴ്ച രാത്രിയോടെ വെള്ളത്തിനടിയിലായി. വ്യാപക കൃഷിനാശവും സംഭവിച്ചു. ഏത് സാഹചര്യത്തെയും നേരിടാൻ നഗരസഭ നടപടി സ്വീകരിച്ചു.
ആളള്ളൂർ ഏലാ പൂർണമായി വെള്ളം കയറിയതിനാൽ മുദാക്കൽ പഞ്ചായത്തിലെ സരസ്വതി, രാജലക്ഷ്മി, സജന, ഭായി, രേഖ എന്നിവരുടെ വീടുകളിൽ വെള്ളം കയറി. ഇവർ സമീപത്തെ വീടുകളിൽ അഭയം തേടി. മീമ്പാട്ട് ഏലായിലും വൻ കൃഷിനാശമുണ്ടായി.കൊല്ലമ്പുഴയിലെ കുട്ടികളുടെ പാർക്ക് പൂർണമായി വെള്ളത്തിലായി. മണ്ണൂർഭാഗത്ത് കോഴിഫാമിൽ വെള്ളം കയറി 1500 കോഴികൾ ചത്തു. വിജയകുമാരി-ശിവദാസൻ ദമ്പതികളുടെ ആലംകോട്ടെ വീട്ടിനോട് ചേർന്ന ഫാമിലുണ്ടായിരുന്ന 1500 കോഴി, ഒരു കുതിര, ആറ് ആട്, രണ്ട് കുട്ടിയാട്, 200 താറാവ് എന്നിവയെ കാണാതായി. ഇവിടെ രാത്രി രണ്ടുമണിയോടെയാണ് വെള്ളം ഇരച്ചുകയറിയത്. 3 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുകാർ പറയുന്നു. മഴക്കെടുതിയിൽ പെട്ടവർക്ക് അടിയന്തര സഹായത്തിനുള്ള എല്ലാ നിർദ്ദേശങ്ങളും നല്കിയതായി തഹസീൽദാർ അറിയിച്ചു.