നെയ്യാറ്റിൻകര: നെയ്യാറ്റിൻകര എക്സൈസിന്റെ നേതൃത്വത്തിൽ ബാലരാമപുരം ഭാഗത്ത് നടത്തിയ പരിശോധനയിൽ 1.700 കി.ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ഒരു വർഷം മുൻപ് തിരുവല്ലം പൊലീസ് സ്റ്രേഷനിലെ എസ്.ഐയെ ആക്രമിച്ച കേസിലെ പ്രതിയായ കാർഷിക കോളേജ് കീഴൂർ രാധാസ് വീട്ടിൽ ആനന്ദാണ് (ഗണപതി-22) പിടിയിലായത്.
പ്രതിയെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ എക്സൈസ് സംഘത്തെ ആക്രമിക്കുകയും സിവിൽ എക്സൈസ് ഓഫീസർ പ്രസന്നന് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ബലപ്രയോഗത്തിലൂടെയാണ് പിടികൂടിയത്. മുൻപ് സമാന കേസിൽ ഇയാൾ സിറ്റി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി.പി. പ്രവീണിനെയും ആക്രമിച്ചിരുന്നു. തമിഴ്നാട്ടിൽ നിന്ന് മൊത്ത വിലയ്ക്ക് എത്തിക്കുന്ന കഞ്ചാവ് വാട്സ് ആപ്പ് വഴിയാണ് ഇയാൾ വിറ്റിരുന്നത്. എക്സൈസ് ഇൻസ്പെക്ടർ സച്ചിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ഷാജു, പത്മകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, ഹർഷകുമാർ, അനീഷ്, പ്രസന്നൻ, അരുൺ, ഡ്രൈവർ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.