vaidyante

മുടപുരം:ശക്തമായ മഴയിൽ വാമനപുരം നദി കരകവിഞ്ഞൊഴുകിയതോടെ

കിഴുവിലം ഗ്രാമപഞ്ചായത്തിലെ 18 , 19 വാർഡുകളിലുള്ള വൈദ്യന്റെമുക്ക്, തോട്ടാവാരം, അടീകലം, അയന്തിക്കടവ് തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത നാശം.

നിരവധി വീടുകളിൽ വെള്ളം കയറി. തിങ്കളാഴ്ച രാത്രി 12 മണിയോടെ നദിയിൽ നിന്നുള്ള വെള്ളം അയന്തിക്കടവ് മേഖലയിലെ വലിയ ഏലാ പാടശേഖരം വഴി വൈദ്യന്റെമുക്ക്, തോട്ടവാരം പ്രദേശങ്ങളിലേക്ക് ഒഴുകുകയായിരുന്നു.

ഇതോടെ രാത്രിതന്നെ രണ്ട് 2 കുടുംബങ്ങളെ പടനിലം ഗവ. യു.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഇന്നലെ രാവിലെയോടെ പ്രദേശത്തെ മറ്റ് കുടുംബങ്ങളേയും ക്യാമ്പിലെത്തിച്ചു. 18 കുടുംബങ്ങളിലെ 75 പേരാണ് ഇവിടെയുള്ളത്. വാർഡ് മെമ്പർമാരായ ടി. സുനിൽ, സാബു, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഹരീഷ് ദാസ്, സി.പി.ഐ നേതാവ് മനു തുടങ്ങിയവർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ദുരിതാശ്വാസക്യാമ്പിലും വെള്ളംകയറിയ പ്രദേശങ്ങളിലും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മനോന്മണി , സി.പി.ഐ ചിറയിൻകീഴ് മണ്ഡലം സെക്രട്ടറി ഡി. ടൈറ്റസ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ്, സി.പി.ഐ കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. അൻവർഷ, അസി. സെക്രട്ടറി മനേഷ് കൂന്തള്ളൂർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ജ്യോതികുമാർ, റീന തുടങ്ങിയവർ സന്ദർശിച്ചു.