manthitta-idinju-veena-ni

കല്ലമ്പലം: കനത്ത മഴയിൽ കല്ലമ്പലം മേഖലയിൽ വ്യാപക നാശം. കരവാരം പഞ്ചായത്തിൽ വഞ്ചിയൂർ വൈദ്യശാല മുക്കിലെ ഇസ്മായിൽ മൻസിലിൽ മുഹമ്മദ് ഇസ്മായിലിന്റെ പുതിയതായി നിർമ്മിച്ച വീടിന് മുകളിലൂടെ സമീപത്തെ മൺതിട്ട ഇടിഞ്ഞു വീണ് കേടുപാടുകൾ സംഭവിച്ചു. വീട്ടിൽ താമസം തുടങ്ങിയിട്ട് ഒരു മാസം ആയില്ല. വീടിന്റെ അടുക്കള ഭാഗത്തെ സൺഷെയ്ഡ് ഉൾപ്പടെ പൊട്ടി അടർന്നു. റവന്യു അധികൃതർ സ്ഥലം സന്ദർശിച്ചു. കരവാരം പഞ്ചായത്തിൽ വഞ്ചിയൂർ -കട്ടപ്പറമ്പ് പാടശേഖരത്തിൽ വാമനപുരം നദിയിൽ വെള്ളം ഉയർന്ന് 80 ഏക്കറിൽ 45 ഏക്കർ പാടം പൂർണമായും വെള്ളത്തിൽ മുങ്ങി. കൊയ്ത്തിന് പാകമായ നെൽക്കതിർ വെള്ളത്തിൽ മുങ്ങി. പാടശേഖര സമിതി പഞ്ചായത്തിലും കൃഷിഭവനിലും വിവരം അറിയിച്ചു. ഇനിയും മഴ തുടർന്നാൽ വാമനപുരം നദിയിലെ ജലനിരപ്പ് ഉയരും. കർഷകർ ആശങ്കയിലാണ്.