vimanathavalam

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ സ്വകാര്യവത്കരണ നടപടികൾക്കെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നടത്തിയ ബഹുജന കൂട്ടായ്മ ചാക്ക എയർപോർട്ട് ഗേറ്റിന് മുൻവശത്ത് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്തു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയ നടപടി അപലപനീയമാണെന്നും ഇത് തിരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ പൈതൃകസ്വത്തുക്കൾ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന പണി മോദി അവസാനിപ്പിക്കണം. ജനസേവകരെന്നു പറഞ്ഞ് ജനത്തെ തെറ്രിദ്ധരിപ്പിച്ച് കോർപ്പറേറ്രുകളെ വളർത്തുന്ന കേന്ദ്ര ഭരണകൂടത്തിന്റെ കള്ളക്കളി രാജ്യം മനസ്സിലാക്കി. കേന്ദ്രത്തിന്റെ ഇത്തരം പ്രവൃത്തികൾക്ക് കോൺഗ്രസും മൗനസമ്മതം മൂളുന്ന സാഹചര്യമാണിപ്പോൾ. ഈ കച്ചവടത്തിനെതിരെ ഒരക്ഷരം മിണ്ടാതെ അനുകൂലിച്ച കോൺഗ്രസ് കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.