കിളിമാനൂർ: തോട്ടിൽ നിന്ന് പാടശേഖരത്തിലേക്ക് വെള്ളം കയറി ഏക്കർ കണക്കിന് നെൽകൃഷി നശിച്ചു. മുതുകുറി നവചൈതന്യ പാടശേഖരസമിതി കൃഷിയിറക്കിയ 5.7 ഏക്കർ പാടത്തെ നെൽകൃഷിയാണ് മൂന്നിടത്ത് ബണ്ട്പൊട്ടി തോട്ടിൽ നിന്ന് വെള്ളം കയറി നശിച്ചത്. ഈ ആഴ്ച കൊയ്യാനിരിക്കെയാണ് വിള മുഴുവൻ നശിച്ചത്. 2.5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൊയ്ത്തു യന്ത്രം എത്തിക്കാൻ ഇവിടെ സൗകര്യമില്ലാത്തതാണ് കൊയ്തു വൈകാൻ കാരണമായത്. തോടിനും പാടത്തിനും ഇടയിൽ കോൺക്രീറ്റ് ബണ്ട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതർ അവഗണിക്കുകയായിരുന്നെന്ന് കർഷകർ പറയുന്നു.