വർക്കല: പാപനാശം ഹെലിപാഡിൽ കഴിഞ്ഞ ദിവസം പുലർച്ചെ റിസോർട്ട് ഉടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് പ്രദേശത്തെ ടൂറിസം മേഖലയെ ഞെട്ടലിലാക്കി. ചൊവ്വാഴ്ച പുലർച്ചെ 4.30 ഓടെയാണ് ഹെലിപാഡിൽ സീ വ്യൂ എന്ന പേരിൽ റിസോർട്ട് നടത്തുന്ന ഷാജി ശ്രീധറിനെ (55) കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഹെലിപാഡിന് സമീപമുള്ള സ്വകാര്യവ്യക്തിയുടെ പണിനടന്നുകൊണ്ടിരിക്കുന്ന വീടിന്റെ പിറകുവശത്തുള്ള ചായ്പ്പിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സിംഗപ്പൂരിൽ ജനിച്ചുവളർന്ന ഷാജിശ്രീധർ സാമ്പത്തികമായി നല്ല നിലയിലായിരുന്നു. റിസോർട്ടിന് പുറമേ എട്ടോളം കടമുറികളും ഇയാൾ വാടകയ്ക്ക് കൊടുത്തിരുന്നു. ഇതിൽ നിന്ന് നല്ലൊരു വരുമാനമാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ പത്ത് വർഷമായി കുടുംബവസ്തുവിന്റെ സമീപത്ത് ചില വഴിത്തർക്കങ്ങളും മതിൽ തകർന്നതുമായി ബന്ധപ്പെട്ട് കോടതിയിൽ കേസും നടന്നിരുന്നു. അടുത്തിടെ മദ്ധ്യസ്ഥൻമാരുടെ സാന്നിദ്ധ്യത്തിൽ കേസ് ഒത്തുതീർപ്പാക്കുകയും എതിർകക്ഷികൾക്ക് മതിൽ കെട്ടാൻ 40,000 രൂപ ഷാജിശ്രീധർ നൽകുകയും ചെയ്തിരുന്നു. ഇത് മാനസികമായി ഷാജിയെ ഏറെ വേദനിപ്പിച്ചതായി പറയുന്നു. ഇക്കാര്യം അടുത്ത ബന്ധുവിനോട് ഷാജി പറഞ്ഞിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ ഇദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പിലും ഇക്കാര്യങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. വഴിത്തർക്കവും മതിൽ തകർന്ന സംഭവവുമായി നടന്ന കേസിലുൾപ്പെട്ട ചിലരുടെ പേരും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിനുശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. വർക്കല താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബുധനാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. ഭാര്യ: കൈരളി. മക്കൾ: ആനന്ദ്, അരവിന്ദ്, അപ്പു.