പൂവാർ: തിരുപുറം ഗ്രാമ പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇരുവൈക്കോണം വാർഡ് അംഗമായ കോൺഗ്രസിലെ എൽ. ക്രിസ്തുദാസിന്റെ വോട്ട് അസാധുവായി പ്രഖ്യാപിച്ച വരണാധികാരിയുടെ നടപടിനെയ്യാറ്റിൻകര പ്രിൻസിപ്പൽ മുൻസിഫ് കോടതി റദ്ദുചെയ്തു. 2020 ഡിസംബർ 30ന് നടന്ന തിരഞ്ഞെടുപ്പിലാണ് ക്രിസ്തുദാസിന്റെ വോട്ട് അസാധുവാക്കിയത്. ഇതിനെതിരെ ഇദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു. വരണാധികാരിയുടെ നടപടി തെറ്റാണെന്ന് കോടതി വിലയിരുത്തി.

16 അംഗങ്ങളുള്ള പഞ്ചായത്തിൽ നിലവിൽ എൽ.ഡി.എഫാണ് ഭരണം നടത്തുന്നത്. യു.ഡി.എഫ്: 6 ,​ എൽ.ഡി.എഫ് : 4,​ ബി.ജെ.പി:2,​ സ്വതന്ത്രർ:2 എന്നിങ്ങനെയാണ് കക്ഷിനില. സ്വതന്ത്രർ എൽ.ഡി.എഫിനൊപ്പം ചേർന്നതോടെ പ്രസിഡന്റ്,​ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടന്നു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം വന്നതോടെ നറുക്കെടുപ്പിലൂടെ എൽ.ഡി.എഫിലെ തിരുപുറം സുരേഷ് വിജയിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് ക്രിസ്തുദാസിന്റെ വോട്ട് അസാധുവായി പ്രഖ്യാപിച്ചത്. തുടർന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷീന ആൽബിൻ ഒരു വോട്ടിന് വിജയിച്ച് പ്രസിഡന്റായി. ഇത് ചോദ്യം ചെയ്താണ് ക്രിസ്തുദാസ് കോടതിയെ സമീപിച്ചത്.