പാറശാല: പളുങ്കൽ നിർമ്മൽകൃഷ്ണ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പിടിച്ചെടുത്ത പ്രതി നിർമ്മലന്റെയും ബിനാമികളുടെയും വസ്തുവകകൾ ലേലം ചെയ്തു. രണ്ട് വസ്തുക്കളാണ് 18.7 കോടി രൂപയ്ക്ക് ലേലം ചെയ്തത്. ചെറിയകൊല്ലയിൽ നിർമ്മലന്റെ പേരിലുണ്ടായിരുന്ന 10.5 ഏക്കർ റബർ എസ്റ്റേറ്റ് ഉൾപ്പെടുന്ന ഭൂമി 18 കോടി രൂപയ്ക്കും പളുങ്കലിൽ ഉണ്ടായിരുന്ന 7.7 സെന്റ് വസ്തു 7.8 ലക്ഷം രൂപയ്ക്കുമാണ് ലേലത്തിൽ പോയത്. മലയടിയിലെ കശുഅണ്ടി ഫാക്ടറി ഉൾപ്പെടുന്ന 77 സെന്റ് വസ്തുവും ലേലത്തിൽ വച്ചിരുന്നെങ്കിലും ഏറ്റെടുക്കാൻ ആരും എത്തിയിരുന്നില്ല. രണ്ട് കോടി രൂപയാണ് ഈ വസ്തുവിന് മതിപ്പുവിലയായി നിശ്ചയിച്ചിരുന്നത്. ഈ വസ്തുവിന്റെ ലേല നടപടികൾ നവംബർ 12ന് വീണ്ടും നടത്തും.

തട്ടിപ്പിനെതിരെ നിക്ഷേപകർ ചേർന്ന് രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മധുര ഹൈകോടതിയിൽ തുടരുന്ന നിയമപോരാട്ടങ്ങളുടെ ഫലമായാണ് പ്രതികളുടെ തമിഴ്നാട്ടിലുള്ള വസ്തുവകകൾ കണ്ടുകെട്ടി ലേലം ചെയ്തത്. നിർമ്മൽകൃഷ്ണയുടെ മുഴുവൻ ആസ്തിയും കണ്ടുകെട്ടി ലേലം ചെയ്യാൻ മധുരയിലെ പ്രത്യേക കോടതിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. നിർമ്മൽകൃഷ്ണയിലെ പതിനായിരത്തിലേറെ നിക്ഷേപകരിൽ നിന്ന് 600 കോടിയിലേറെ രൂപ തട്ടിയെടുത്ത് ഉടമ മുങ്ങി നാല് വർഷം പിന്നിടുമ്പോഴാണ് കോടതിയുടെ ഈ നടപടി.