സമരം ശക്തമാക്കി ബി.ജെ.പിയും യു.ഡി.എഫും
തിരുവനന്തപുരം: നഗരസഭാ നേമം സോണൽ ഓഫീസിൽ നടന്ന നികുതിപ്പണം തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ പ്രതിയും നേമത്തെ സൂപ്രണ്ടുമായിരുന്ന എസ്. ശാന്തി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതിക്ക് ജാമ്യം ലഭിച്ചാൽ സാമ്പത്തിക തിരിമറി സംബന്ധിക്കുന്ന തെളിവുകൾ നശിപ്പിക്കപ്പെടാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി പി. കൃഷ്‌ണകുമാർ ജാമ്യ ഹർജി തള്ളിയത്.
നേമം സോണൽ ഓഫീസിലെ നികുതിപ്പണം ബാങ്കിലടയ്‌ക്കാതെ ഉദ്യോഗസ്ഥർ തട്ടിയെടുത്തതായി നേരത്തെ നഗരസഭാ ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വകുപ്പ് തല നടപടിയുടെ ഭാഗമായി സൂപ്രണ്ട് എസ്. ശാന്തിയെയും കാഷ്യർ സുനിതയെയും സസ്‌പെൻഡ് ചെയ്‌തു. ഇവർക്കായി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മുൻകൂർജാമ്യം തേടി ശാന്തി കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ ഗവ. പ്ലീഡർ വെമ്പായം എ.എ. ഹക്കീം ഹാജരായി.
പ്രതികളെ വരും ദിവസങ്ങളിൽ അറസ്റ്റ് ചെയ്യുമെന്നും തെളിവ് ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും നേമം എസ്.എച്ച്.ഒ പറഞ്ഞു. ഓഫീസിലെ കാഷ്യറെ അറസ്റ്റ് ചെയ്താൽ മാത്രമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുകയുള്ളൂ. ബാങ്കിൽ നിന്നടക്കം സ്‌റ്റേറ്റ്‌മെന്റ് എടുക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം ഓഡിറ്റ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. എത്രയും വേഗം അറസ്റ്റ് നടപടികളിലേക്ക് കടക്കുമെന്നും എസ്.എച്ച്.ഒ പറഞ്ഞു.
പ്രതികളെ സി.പി.എം സംരക്ഷിക്കുന്നു: വി.വി. രാജേഷ്
നികുതിപ്പണം തട്ടിച്ച കേസിലെ പ്രതികളെ സി.പി.എം ജില്ലാ നേതൃത്വവും പൊലീസും ചേർന്ന് സംരക്ഷിക്കുകയാണെന്ന് ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ വി.വി. രാജേഷ് ആരോപിച്ചു. ഭരണസമിതിയും പൊലീസും ചേർന്ന് ഇടതുപക്ഷ യൂണിയൻ നേതാക്കളായ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കാൻ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. എന്നാൽ തട്ടിപ്പിന്റെ വ്യാപ്‌തിയും പ്രതികളുടെ പങ്കും കോടതിക്ക് ബോദ്ധ്യപ്പെട്ടതിനാൽ ജാമ്യാപേക്ഷ തള്ളുകയായിരുന്നെന്നും രാജേഷ് പറഞ്ഞു. ബി.ജെ.പിയുടെ നേതൃത്വത്തിൽ ഇന്ന് സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് മാർച്ച് നടത്തും.
സമരം ശക്തമാക്കി യു.ഡി.എഫും
നികുതി വെട്ടിപ്പിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യു.ഡി.എഫ്. നാളെ മുതൽ കോർപറേഷൻ കൗൺസിൽ ഹാളിൽ യു.ഡി.എഫ് അംഗങ്ങളുടെ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കും. ഇന്നലെ കോർപ്പറേഷനിലെ 100 വാർഡുകളിലും യു.ഡി.എഫ് ജനസദസ് സംഘടിപ്പിച്ചു. വിവിധ വാർഡുകളിൽ നടന്ന പരിപാടിയിൽ യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, കെ.പി.സി.സി പ്രചാരണസമിതി അദ്ധ്യക്ഷൻ കെ. മുരളീധരൻ, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ധീക്ക്, ഡി.സി.സി അദ്ധ്യക്ഷൻ പാലോട് രവി, നേതാക്കളായ ശശി തരൂർ എം.പി, അടൂർ പ്രകാശ് എം.പി, വി.എസ്. ശിവകുമാർ, കെ. മോഹൻകുമാർ, എം.എ. വാഹിദ്, ടി. ശരത്ചന്ദ്രപ്രസാദ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.കെ. വേണുഗോപാൽ, കൺവീനർ ബീമാപള്ളി റഷീദ്, എം.പി. സാജു, കെ.എസ്. സനൽകുമാർ, കരകുളം കൃഷ്‌ണപിള്ള അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.