കോവളം: പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ച് യൂണിഫോം വലിച്ച് കീറിയ പ്രതിയെ വിഴിഞ്ഞം പൊലീസ് അറസ്​റ്റ് ചെയ്തു. വിഴിഞ്ഞം പള്ളിത്തുറ പുരയിടത്തിൽ സെൽവരാജാണ് (47) പിടിയിലായത്. മരുമകൻ മദ്യപിച്ച് വീട്ടിൽ വന്ന് പ്രശ്നം ഉണ്ടാക്കുന്നതായി വീട്ടമ്മ നൽകിയ പരാതി അന്വേഷിക്കാൻ എത്തിയ അഡിഷണൽ എസ്.ഐക്കും പൊലീസുകാരനും ഡ്രൈവർക്കുമാണ് മർദ്ദനമേ​റ്റത്. കൂടുതൽ പൊലീസെത്തി ഇയാളെ ബലം പ്രയോഗിച്ചാണ് കീഴ്‌പ്പെടുത്തിയത്.

തിങ്കളാഴ്ച രാത്രി 9 ഓടെയാണ് സംഭവം. സ്ഥിരം ശല്യക്കാരനായ സെൽവരാജ് മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നതായി ഭാര്യ മാതാവ് രാത്രിയിൽ സ്​റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. ഇത് അന്വേഷിക്കാൻ എസ്.ഐ സജികുമാർ, സി.പി.ഒ അജികുമാർ, ഡ്രൈവർ സജൻ എന്നിവർ സ്ഥലത്തെത്തി. കാര്യങ്ങൾ തിരക്കുന്നതിനിടയിൽ ക്ഷുഭിതനായ സെൽവരാജ് പൊലീസിന് നേരെ ആക്രമണം അഴിച്ചുവിടുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തു.

മർദ്ദനത്തിൽ മൂന്ന് പേർക്കും പരിക്കേ​റ്റു. രണ്ട് പേരുടെ യൂണിഫോമും വലിച്ചുകീറി. പരിക്കേ​റ്റ പൊലീസുകാർ വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.