നെടുമ്പാശേരി: കനത്ത മഴയിൽ ചെങ്ങമനാട് മാങ്ങാമ്പിള്ളിച്ചിറ ചെക്ക് ഡാമിന്റെ വശങ്ങളിൽ മണ്ണൊലിപ്പ് രൂക്ഷമായി. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ നമ്പർവൺ ലിഫ്റ്റ് ഇറിഗേഷൻ സ്‌കീമിൻെറ ഭാഗമായി പുത്തൻതോട്ടിൽ നിന്ന് ചെങ്ങമനാട് നമ്പർ ടു ലിഫ്റ്റ് ഇറിഗേഷനിൽപ്പെട്ട മാങ്ങാമ്പിള്ളി ചിറയിലും സമീപപ്രദേശങ്ങളിലും വേനൽക്കാലത്തും കൃഷിയാവശ്യത്തിന് വെള്ളം സുലഭമായി ലഭ്യമാക്കുന്നതിനാണ് ലക്ഷങ്ങൾ ചെലവഴിച്ച് ഐ.ഡബ്ള്യു എം.പി പദ്ധതിയിൽപ്പെടുത്തി പാറക്കടവ് ബ്ളോക്ക് പഞ്ചായത്ത് ചെക്ക് ഡാമിനും ചിറ നവീകരണത്തിനും പദ്ധതി തയ്യാറാക്കിയത്. എന്നാൽ നിർമ്മാണത്തിലെ അശാസ്ത്രീയതയെ തുടർന്ന് മണ്ണിളകി മാങ്ങാമ്പിള്ളി ചിറയിലേക്കൊഴുകുകയാണിപ്പോൾ.
ആറ് മാസം മുമ്പാണ് ചെക്ക് ഡാം നിർമ്മാണം പൂർത്തിയാക്കിയതെങ്കിലും ഡാമിന്റെ വശങ്ങളിൽ മണ്ണ് നിക്ഷേപിക്കാതിരുന്നതിനാലാണ് ചിറയുടെ വശങ്ങൾ ഇടിഞ്ഞ് മണ്ണ് കുത്തിയൊലിക്കുന്നത്. പരാതി ഉയർന്നതിനെ തുടർന്ന് കരാറുകാരൻ ഡാമിന്റെ വശങ്ങളിൽ മണ്ണ് നിക്ഷേപിപ്പിച്ചെങ്കിലും ഉറക്കുന്നിന് മുമ്പായി തുടർച്ചയായി മഴ പെയ്തതോടെയാണ് മണ്ണൊലിപ്പുണ്ടായത്. ചിറയുടെയും ഡാമിന്റെയും വശങ്ങളിലും മണ്ണിടിച്ചിൽ രൂക്ഷമാണ്. ചെക്ക് ഡാമിന്റെ ഷട്ടർ തുറന്നിടാതിരുന്നതാണ് വെള്ളം കെട്ടി മണ്ണിടിച്ചിലിന് ഇടയാക്കിയതെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്. പദ്ധതി കർഷകർക്ക് വിരുദ്ധ ഫലമാണുണ്ടാക്കിയിട്ടുള്ളതെന്നും ആക്ഷേപമുണ്ട്.
നിർമ്മാണത്തിലെ അശാസ്ത്രീയതയും നിരുത്തരവാദിത്വവും ചൂണ്ടിക്കാട്ടി പാറക്കടവ് ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് ചെങ്ങമനാട് കൊറ്റംപുഞ്ച കാർഷിക കൂട്ടായ്മ ഭാരവാഹികൾ പരാതി നൽകി. യഥാസമയങ്ങളിൽ ഡാമിന്റെ ഷട്ടർ അടക്കാനും തുറക്കാനും സംവിധാനം ഏർപ്പെടുത്തണമെന്നും അടിയന്തരമായി പ്രശ്‌നപരിഹാരമുണ്ടാകണമെന്നും പരാതിയിൽ കൂട്ടായ്മ ആവശ്യപ്പെട്ടിട്ടുണ്ട്.