ramanattukara

രാമനാട്ടുകര: ശക്തമായ മഴയെ തുടർന്ന് രാമനാട്ടുകര ഫറോക്ക് നഗരസഭകളിലേയും കടലുണ്ടി, ഒളവണ്ണ, ചേലേമ്പ്ര, വാഴയൂർ, ചെറുകാവ് ഗ്രാമ പഞ്ചായത്തുകളിലേയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും സംഘടനപ്രവർത്തകരും ഒറ്റക്കെട്ടായി രക്ഷാപ്രവർത്തകരായി.

കനത്ത നാശനഷ്ടങ്ങളാണ് പലയിടത്തും ഉണ്ടായത്. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാനുള്ള സംവിധാനങ്ങളും തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കുന്നുണ്ട്. ഫറോക്കിലെ വടക്കേബസാർ, മുതുവാട്ടുപാറ, കരുവൻതിരുത്തി തുങ്ങിയ വിവിധ മേഖലകളിൽ മഴ ദുരിതം രൂക്ഷമാണ്. പാണ്ടിപ്പാടം, പുതിയമാട്ടുമ്മൽ, പൊട്ടിച്ചിരി, മഠത്തിൽപ്പാടം പ്രദേശങ്ങളിലെ നൂറോളം വീടുകൾ വെള്ളക്കെട്ടിലായി. നിരവധി വീടുകളുടെ തറനിരപ്പ് വരെ വെള്ളമെത്തി. ചില കുടുംബങ്ങൾ വീട്ടുസാധനങ്ങൾ സുരക്ഷിതമായി വച്ചതിനു ശേഷം ബന്ധുവീടുകളിലും അയൽ വീടുകളിലും അഭയം തേടി. കരുവൻതിരുത്തി
പരിവർത്തനയ്ക്ക് സമീപം എടവലത്തുപറമ്പിൽ രണ്ടു വീടുകൾക്കിടയിലെ മതിൽക്കെട്ടിടിഞ്ഞു.

പുറക്കാട്ടുപറമ്പ് റഹ്മത്തുള്ളയുടെ വീടിന് സമീപം 10 അടിയോളം ഉയരമുള്ള മതിലാണ് തകർന്നത്. രാവിലെ 9 മണിയോടെ വലിയ ശബ്ദത്തോടെയാണ് മണ്ണും കല്ലും താഴേയ്ക്കു വീണത്. തൊട്ടു മുകളിലുള്ള ചെറാട്ട് പ്രദീപ് കുമാറിന്റെ വീടിന്റെ വഴിയും തകർന്നു. ഇവിടെ മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ട്. രണ്ട് വീടുകളും സുരക്ഷാ ഭീഷണിയിലാണ്.

സായി മഠത്തിന് സമീപമുള്ള പല വീടുകളും വെള്ളക്കെട്ടിലായി. പൊട്ടിച്ചിരി മാട്ടുമ്മൽ റോഡിൽ വെള്ളം കയറി. ഈ പ്രദേശത്ത് താഴ്ന്ന സ്ഥലങ്ങളിലെല്ലാം വെള്ളം കെട്ടി നിൽക്കുകയാണ്. ഫറോക്ക് വെസ്റ്റ് നല്ലൂർ റോഡിലെ റെയിൽവേ അടിപ്പാത വെള്ളത്തിലായി. ഓടകൾ നിറഞ്ഞ് കവിഞ്ഞതോടെ പട്ടണ്ണ ചന്ദ്രൻ, പട്ടണ്ണ രവി ഇവരുടെ വീടിന്റെ തറനിരപ്പ് വരെ വെള്ളത്തിലായി. ഫറോക്ക് വെസ്റ്റ് നല്ലൂർ റോഡിൽ യാത്ര ദുസ്സഹമായി. നിലവിൽ ക്യാമ്പുകൾ ആരംഭിച്ചിട്ടില്ല. റോഡുകളിലും മറ്റും വലിയ വെള്ളക്കെട്ടുകളാണുള്ളത്. ഇത് ഗതാഗത തടസം ഉണ്ടാക്കി.

മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മാർഗ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു. രാമനാട്ടുകര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ വെള്ളം കയറിയതിനാൽ ഇന്നലെ നടത്താനിരുന്ന വാക്‌സിനേഷൻ ക്യാമ്പ് മാറ്റി. അത്യാവശ്യമുള്ളവർക്കായി ഒളവണ്ണ, ഫറോക്ക് എന്നിവിടങ്ങളിൽ സൗകര്യം ചെയ്തു. സി.പി.എം പ്രവർത്തകരെത്തി മരുന്നുകൾ, കമ്പ്യൂട്ടർ, ഫയലുകൾ, മറ്റു യന്ത്രസാമഗ്രികൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ബ്രാഞ്ച് സെക്രട്ടറി രഘുനാഥ്, മുൻ കൗൺസിലർ ഷംസുദ്ദീൻ, മോഹൻദാസ് സിനാർ, അബ്ദുൾ നാസർ, അഭിജിത്ത്, ആശുപത്രി ജീവനക്കാരായ റാണി, തങ്കമണി എന്നിവർ നേതൃത്വം നൽകി.

കോടമ്പുഴ ചാത്തംപറമ്പിൽ അബ്ദുറഹിമാൻ താമസിക്കുന്ന വാടകവീടിന്റെ 14 അടി ഉയരമുള്ള മതിൽ ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി. വീടിന് താഴെ താമസിക്കുന്ന വയലിലകത്ത് നാസറിന്റെ കിണറിലേക്കാണ് മതിൽ ഇടിഞ്ഞത്. ഇന്നലെ പുലർച്ചെ 4 മണിക്കാണ് സംഭവം. ഫറോക്ക് പൊലീസ് ഡിസാസ്റ്റർ ടീം ബീറ്റ് ഓഫീസറുടെ നേതൃത്വത്തിൽ വോളണ്ടിയർമാരും, സ്‌നേഹതീരം വളണ്ടിയർമാരും നാട്ടുകാരും ചേർന്ന് അപകടസ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു. വീട്ടിലുള്ളവരെ ബന്ധു വീടുകളിലേക്ക് മാറ്റിപാർപ്പിച്ചു. ഫറോക്ക് കോമൺവെൽത്തിന് സമീപം തടിച്ച വള്ളിപ്പടർപ്പ് മരത്തിൽ നിന്ന് റോഡിൽ പൊട്ടിവീണ് വാഹന തടസം ഉണ്ടായി. ദ്രുത കർമ്മ സേന ഇത് വെട്ടിമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ബി.ഇ.എം. സ്‌കൂളിന് സമീപം മരം വീണ് ഇലക്ട്രിക് പോസ്റ്റ് പൊട്ടി കെട്ടിടത്തിലേക്ക് വീണു. കെ.എസ്.ഇ.ബി ജീവനക്കാരെത്തി രക്ഷാപ്രവർത്തനം നടത്തി.
ഒളവണ്ണയിൽ റോഡ് തകർന്ന് ലോറി വീടിന് മുകളിൽ മറിഞ്ഞു. മണ്ണുമാന്തി യന്ത്രം കയറ്റിവന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ആളപായമില്ല. വീടിന് കാര്യമായ കേടുപറ്റി. ഒളവണ്ണ പഞ്ചായത്ത് ഓഫീസിന് സമീപം മാത്തറ കളത്തിങ്കൽ റോഡിൽ കളത്തിങ്ങൽ ഷാഹിദിന്റെ വീടിന് മുകളിലേക്കാണ് ടിപ്പർ മറിഞ്ഞത്. രാമനാട്ടുകര പുല്ലുകുന്ന് പ്രദേശത്ത് വെള്ളം കയറി. പുളിക്കൽ അങ്ങാടിയിൽ ദേശീയ പാതയിൽ വെള്ളം കയറിയത് റോഡ് ഗതാഗതത്തെ ബാധിച്ചു.