krishi

ചിറയിൻകീഴ്: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ കീഴാറ്റിങ്ങൽ തെറ്റിമൺവിള ഏലായിൽ വെള്ളം കയറി കൃഷി നശിച്ചു. ഈ ആഴ്ച കൊയ്യാനായിരുന്ന കീഴാറ്റിങ്ങൽ മാന്നാത്ത് വീട്ടിൽ അജിയുടെ 1ഏക്കർ 20 സെന്റിലുള്ള നെൽകൃഷിയാണ് നശിച്ചത്. ഏകദേശം 60000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഈ പാഠശേഖരത്തിലെ മഴവെള്ളം വാമനപുരം നദിയിലേയ്ക്ക് ഒഴുകി പോകാനുള്ള തോടിൽ ഇരുവശവും കൈവരി കെട്ടാത്തതിനാൽ മണ്ണിടിഞ്ഞ് വീണതാണ് മഴവെള്ളം കെട്ടിക്കിടക്കാൻ കാരണമെന്ന് കർഷകർ പറയുന്നു. ഇതുസംബന്ധിച്ച് പല പ്രാവശ്യം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. കൃഷി വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.