കല്ലമ്പലം: കൊവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന വിദ്യാലയങ്ങൾ നവംബർ 1 മുതൽ തുറന്നു പ്രവർത്തിക്കാനിരിക്കെ വെട്ടിയറ ഗവ.എൽ.പി.എസിനെ ഏറ്റെടുത്ത് പുതുമോടി വീണ്ടെടുക്കുകയാണ് ചിന്ത ഗ്രന്ഥശാലയും ഒരുകൂട്ടം അക്ഷര സ്നേഹികളും. പദ്ധതിയുടെ ഭാഗമായി ക്ലാസ് മുറികളെല്ലാം കഴുകി വൃത്തിയാക്കി. ചുമരിൽ ചായം തേച്ച് മനോഹരമാക്കി. സ്കൂളിന്റ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി ക്ലാസുകൾ ശിശുസൗഹൃദമാക്കാനാണ് ഗ്രന്ഥശാലയുടെ പദ്ധതി. 1വരെ നീണ്ടുനിൽക്കുന്ന ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി. മുരളി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബേബിരവീന്ദ്രൻ, അരുൺകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.