hand

കൈകളുടെ ശുചിത്വത്തിന്റെ പ്രാധാന്യം ലോകത്തെ ബോദ്ധ്യപ്പെടുത്താനായി 2008 മുതൽ ഇന്നേ ദിവസം ലോക കൈകഴുകൽ ദിനമായി ആചരിച്ചു വരുന്നുണ്ട്. അധികം ആരും അറിയാതെ ആ ദിനവും കടന്നുപോകുകയായിരുന്നു പതിവ്. എന്നാൽ, കഴിഞ്ഞ രണ്ടുവർഷമായി ഇതിന്റെ പ്രാധാന്യം വളരെയേറെ കൂടിയിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. അതിന് കാരണം ലോകത്തെയാകെ ഗ്രസിച്ച കൊവിഡ് എന്ന മഹാമാരി തന്നെയാണ്.

രോഗാണു സംക്രമണം പ്രധാനമായും സംഭവിക്കുന്നത് വായുവിലൂടെയോ രോഗവാഹകരുമായുള്ള സമ്പർക്കം കാരണമോ ആണ്. രോഗിയുടെ സ്രവം മറ്റുള്ളവരുടെ ശ്വാസകോശത്തിൽ പ്രവേശിക്കുന്നതുവഴിയും രോഗാണു പകർച്ച ഉണ്ടാകാം. മഹാമാരിയുടെ ഈ സമയത്ത് പ്രധാനമായും നമ്മൾ അറിയേണ്ടത്, കൊവിഡ് പകർച്ച സംഭവിക്കുന്നത് പ്രധാനമായും വായുവിലൂടെയും നേരിട്ടുള്ള സമ്പർക്കം കാരണവുമാണ്. ഇതിൽ സ്‌പർശം കാരണമുള്ള രോഗപ്പകർച്ച തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് കൈകളുടെ ശുചിത്വത്തിലൂടെ നമുക്ക് സാധ്യമാവുന്നത്. കൊവിഡ് മാത്രമല്ല, ഒരു പരിധിവരെയുള്ള എല്ലാ വൈറസ് ബാധകളിൽ നിന്നും കുറെയൊക്കെ ബാക്ടീരിയ കാരണമായ രോഗങ്ങളിൽ നിന്നും ഇത്തരത്തിൽ രക്ഷപ്പെടാം. അസുഖം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലതാണ് അത് വരാതെ തടയുന്നത്. ഈ ഒരു ആശയത്തിൽ നിന്നാണ് ഈ വർഷത്തെ ലോക കൈകഴുകൽ ദിനം ആചരിക്കുന്നത്. 'കൈകളുടെ ശുചിത്വം എല്ലാവർക്കും' എന്നതാണ് ഈ വർഷത്തെ സന്ദേശം. കൊവിഡിന് മുമ്പ് കൈകളുടെ ശുചിയായി സൂക്ഷിക്കണമെന്നത് മുമ്പ് മുഖ്യമായും ആശുപത്രി ജന്യമായ രോഗപ്പകർച്ച തടയാൻ വേണ്ടി ആയിരുന്നു. എന്നാൽ ഇപ്പോൾ അതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളടക്കമുള്ള സകലമാന ജനങ്ങൾക്കും ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.

കൈകളുടെ ശുചിത്വം പ്രധാനമായും രണ്ടു രീതിയിലാണ് നമുക്ക് ഉറപ്പാക്കാവുന്നത്. ഇതിൽ ഏറ്റവും ലളിതമായ രീതി സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക എന്നതാണ്. രണ്ടാമത്തേത് ആൽക്കഹോൾ ഉപയോഗിച്ചുള്ള രീതിയാണ്. രണ്ട് രീതിയും ഒരേ പോലെ തന്നെ രോഗങ്ങളെ തടയാൻ ഫലപ്രദമാണ്. ആഹാരത്തിന് മുമ്പും ശേഷവും കക്കൂസിൽ പോയതിന് ശേഷവും പുറത്തുനിന്ന് തിരികെ വീട്ടിലേക്ക് പ്രവേശിക്കുന്നതിന് മുമ്പും ഇരു കൈകളും വൃത്തിയാക്കേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ അനിവാര്യമാണ്. ഇങ്ങനെ ശീലിക്കുന്നത് കൊവിഡിനെ മാത്രമല്ല,​ വയറിളക്കം, വൈറൽ പനികൾ എന്നിവയെ എല്ലാം ഒരു പരിധിവരെ തടഞ്ഞുനിർത്താനാകും. ഈ ദിനം അതിനൊരു തുടക്കമാകുമെന്നാണ് പ്രതീക്ഷ. ആരോഗ്യകരമായ ഒരു മനുഷ്യരാശിയുടെ നിലനിൽപ്പിന് അടിസ്ഥാന പാഠങ്ങൾ സംസ്‌കാരമായി മാറേണ്ടത് ഒരു നിർബന്ധ ഘടകം തന്നെയാണ്. കെവിഡ് മഹാമാരിലൂടെ മനുഷ്യരാശിക്ക് പ്രകൃതി പകർന്നു നൽകുന്ന സന്ദേശവും ഇതുതന്നെയാണ്.

ഡോ.പി.എസ്. ഷെറീക്

കൺസൾട്ടന്റ്​

(സാംക്രമിക രോഗം)

എസ്.യു.ടി ആശുപത്രി

പട്ടം,​ തിരുവനന്തപുരം.​​