തിരുവനന്തപുരം: ജലവിഭവ വകുപ്പിലെ ഭരണസംവിധാനം റവന്യു ജില്ലാ അടിസ്ഥാനത്തിൽ പുന:ക്രമീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. നിലവിൽ സബ് ഡിവിഷൻ അടിസ്ഥാനത്തിലുള്ള ഭരണസംവിധാനമാണുള്ളത്. ഇത് പലപ്പോഴും രണ്ട് ജില്ലകൾ ചേർന്നുള്ളവയാണ്. ഈ ക്രമീകരണം പദ്ധതി നിർവഹണത്തിലും അറ്റകുറ്റപ്പണികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ജൽജീവൻ മിഷൻ നടപ്പാക്കുന്നതിനാൽ മറ്റ് പദ്ധതികൾ നിറുത്തലാക്കാൻ നിർദ്ദേശിച്ചിട്ടില്ല. ചില പദ്ധതികൾ നടപ്പിലാക്കാൻ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിനായി പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്ന രീതിയിൽ ഏകീകൃത സംവിധാനം കൊണ്ടുവരും. 30 വർഷം പഴക്കമുള്ള പ്പൈപ്പുകൾ മാറ്റിസ്ഥാപിക്കും. അത് റോഡിന്റെ അറ്റകുറ്റപ്പണികൾക്ക് ഒപ്പം പൂർത്തീകരിക്കും. പരാതികൾ പരിഹരിക്കുന്നതിനുള്ള കോൾ സെന്റർ പ്രാദേശിക തലത്തിൽ ക്രമീകരിക്കും. പരാതികൾ യഥാസമയം പരിഹരിക്കാൻ എക്‌സിക്യുട്ടീവ് എൻജിനിയർമാർക്ക് നിർദ്ദേശം നൽകുമെന്നും മന്ത്രി പറഞ്ഞു.