കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ ഡീസന്റ്മുക്ക് അങ്കണവാടിയുടെ മുകളിൽ അപകടകരമായ രീതിയിൽ മരം ചാഞ്ഞുനിൽക്കുകയാണ്. ഇതുമൂലം അങ്കണവാടി കെട്ടിടത്തിന്റെ ഭിത്തികൾക്ക് വിള്ളൽ സംഭവിച്ചിട്ടുണ്ട്. ശക്തമായ മഴയിലും കാറ്റിലും കെട്ടിടം തകരുമോയെന്ന ഭീതിയിലാണ് ജീവനക്കാർ. കൊവിഡ് മഹാമാരി മൂലം അടച്ചിട്ട അങ്കണവാടികൾ തുറന്നു പ്രവർത്തിക്കാനിരിക്കെ രക്ഷകർത്താക്കൾക്ക് കുട്ടികളെ അങ്കണവാടിയിലേയ്ക്ക് വിടാനും ഭയമാണ്. മരം വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. അടിയന്തിര നടപടിയുണ്ടാകണമെന്നാണ് അദ്ധ്യാപകരുടെയും രക്ഷകർത്താക്കളുടെയും ആവശ്യം. അങ്കണവാടി കെട്ടിടത്തിന് അപകടം വരുത്തുന്ന രീതിയിലുള്ള മരം ഉടൻ മുറിച്ചുമാറ്റണമെന്ന് സി.പി.എം കുടവൂർ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി ഇക്ബാൽ ആവശ്യപ്പെട്ടു.