saseendran

തിരുവനന്തപുരം: വന്യജീവി ആക്രമണത്തിന് ഇരയാകുന്നവരുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം അനുവദിക്കാൻ ധനവകുപ്പിൽ നിന്ന് ഫണ്ട് ലഭ്യമാകുന്നില്ലെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. വനംവകുപ്പിന്റെ പല പദ്ധതികളും നടപ്പാക്കുന്നതിന് സാമ്പത്തിക പരിമിതി പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്. വനംവകുപ്പുമായി ബന്ധപ്പെട്ട് സഭയിലെ ചോദ്യങ്ങൾ കേൾക്കാൻ പോലും ധനമന്ത്രി തയ്യാറാവുന്നില്ലെന്നും പകരം സ്‌പീക്കറെ നോക്കിയിരിക്കുകയാണെന്നും ചോദ്യോത്തരവേളയിൽ ശശീന്ദ്രൻ തമാശരൂപേണ പറഞ്ഞു.


അത്യാവശ്യ ഘട്ടങ്ങളിൽപോലും വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഓടിയെത്താൻ വാഹനങ്ങളില്ല. ഇക്കാര്യം ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല. കാസർകോട് ഫോറസ്റ്റ് സ്റ്റേഷൻ അനുവദിക്കുന്ന കാര്യം നിലവിൽ പരിഗണിക്കുന്നില്ലെന്നും മാറ്റിവയ‌്ക്കാനുമാണ് ധനവകുപ്പ് നിർദ്ദേശിച്ചത്. ധനവകുപ്പിന്റെ അനുമതി കിട്ടിയാൽ ഒന്നാമത്തെ പരിഗണന ഈ സ്റ്റേഷന് തന്നെയാകും നൽകുക. പുതിയ സാമ്പത്തിക വർഷത്തിൽ ഫണ്ട് കിട്ടുന്ന മുറയ്‌ക്ക് വന്യജീവി ആക്രമണത്തിന് ഇരയാകുന്നവരുടെ കുടുംബങ്ങൾക്കുള്ള നഷ്‌ടപരിഹാരം പഴക്കമുള്ള കേസുകൾ പ്രകാരം സമയബന്ധിതമായി തീർക്കും.


മുട്ടിൽ മരം മുറിക്കൽ കേസിൽ ഇടക്കാല റിപ്പോർട്ട് പ്രകാരം ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ സ്വീകരിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കും. കുറ്റക്കാർ ആരായാലും ശിക്ഷിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ എസ്റ്റേറ്റുകൾ:

നടപടി പുരോഗമിക്കുന്നു

വനത്തിനകത്തെ സ്വകാര്യ എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നതിന്റെ നടപടി പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. വനത്തിനകത്ത് സ്ഥിതി ചെയ്യുന്ന സ്വകാര്യ എസ്റ്റേറ്റുകൾ അർഹമായ നഷ്‌ടപരിഹാരം നൽകി ഏറ്റെടുത്ത് സ്വാഭാവിക വനമായി പുനഃസ്ഥാപിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

2003, 2013ലെ വനം നിയമപ്രകാരമുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ആദ്യഘട്ടമായി ഡിവിഷൻതലത്തിൽ സ്വകാര്യ എസ്റ്റേറ്റ് ഉടമകളുമായി പ്രാരംഭ ചർച്ചകൾ പൂർത്തിയാക്കി രേഖകളുടെ പരിശോധന നടന്നുവരികയാണ്. റീബിൽഡ് കേരളയുടെ സംസ്ഥാനതല എംപവേർഡ് കമ്മിറ്റിയുടെ അംഗീകാരം ലഭിക്കുന്നമുറയ്ക്ക് തുടർ നടപടി സ്വീകരിക്കും. ആറ് വനം ഡിവിഷനുകളിലായി 13 സ്വകാര്യ തോട്ടങ്ങൾ ഏറ്റെ‌ടുക്കുന്നതിനുള്ള നടപടികളാണ് നടക്കുന്നത്. ഇതിനായി 385.31 കോടിയാണ് വകയിരുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.