plantation-corporation

തിരുവനന്തപുരം: ഒരു മാസത്തിനുള്ളിൽ പ്ലാന്റേഷൻ കോർപ്പറേഷനിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്ന് മന്ത്രി പി. പ്രസാദിന് വേണ്ടി മന്ത്രി കെ. രാജൻ നിയമസഭയിൽ അറിയിച്ചു. കഴിഞ്ഞമാസം വിശദമായി ചർച്ച നടത്തിയിരുന്നു. ഒരു മാസത്തിനുള്ളിൽ സമഗ്രമായ റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. അത് ലഭിച്ചാൽ ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗം വിളിച്ച് ചർച്ച ചെയ്യുമെന്ന് ടി.പി. രാമകൃഷ്ണന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.


തൊഴിലാളികളുടെ ശമ്പള വർദ്ധനവിന് ലേബർ സമിതി റിപ്പോർട്ട് നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്താണ് ലഭിച്ചത്. അതുകൊണ്ട് നടപ്പാക്കാനായില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ബോർഡിന്റെ അനൗദ്യോഗിക അംഗങ്ങൾ രാജിവച്ചതിനാൽ നിലവിൽ ബോർഡ് ഇല്ല. പുതിയ ബോർഡ് രൂപീകരിച്ചുകഴിഞ്ഞാൽ ഉടൻ വർദ്ധിപ്പിച്ച ശമ്പളം നൽകും. ശേഷിക്കുന്ന 50 ശതമാനം ബോണസ് ഡിസംബറിൽ നൽകാനാകും. ചികിത്സാസഹായത്തിൽ വലിയ കുടിശികയുണ്ട്. അതിന്റെ കണക്കുകൾ എടുത്തിട്ടുണ്ട്. അടുത്തമാസം മുതൽ നൽകി തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.