നെടുമങ്ങാട്: നഗരസഭയിലെ തോട്ടുമുക്കിൽ കൈത്തോടിന്റെ സുരക്ഷാഭിത്തി മഴയിൽ തകർന്നതോടെ ലൈഫ് ഭവനപദ്ധതി പ്രകാരം നിർമ്മിച്ചുനൽകിയ വീടും, തോടിന്റെ കരയിലൂടെ നിരവധി പേർ സഞ്ചരിക്കുന്ന വഴിയും അപകടാവസ്ഥയിൽ. ടാപ്പിംഗ് തൊഴിലാളി രാധാകൃഷ്‌ണനും ഭാര്യ അനിതകുമാരിയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ വീടാണ് അപകടാവസ്ഥയിലായത്. വർഷങ്ങൾക്ക് മുമ്പ് മൈനർ ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായി തോട്ടുമുക്ക് മുതൽ പത്താംകല്ല് വരെ നിർമ്മിച്ചിരുന്ന ജലധാര സംരക്ഷണ ഭിത്തിയാണ് തകർന്നത്. തോട്ടിൽ വെള്ളം ഉയർന്നതോടെ സൈഡ് വാളിന്റെ ഇരുവശങ്ങളും ഒലിച്ചുപോയി. പ്രധാന റോഡിൽ എത്താൻ സ്ഥലവാസികളും മറ്റ് യാത്രക്കാരും ആശ്രയിച്ചിരുന്നത് തോടിന്റെ കരയിലൂടെയുള്ള ഇടറോഡായിരുന്നു. ഇരുവശങ്ങളും തകർന്നതോടെ ഇതുവഴിയുള്ള യാത്രയും തടസപ്പെട്ടതായി വാർഡ് കൗൺസിലർ പി. രാജീവും പ്രദേശവാസികളും പറഞ്ഞു. കൈത്തോടിന് സംരക്ഷണ ഭിത്തി നിർമ്മിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി.