വർക്കല: ചരിത്രത്തെ വക്രീകരിക്കാനും സ്വാതന്ത്റ്യസമരസേനാനികളെയും രാഷ്ട്രശില്പികളെയും അപമാനിക്കാനുമാണ് ആർ.എസ്.എസ് ശ്രമിക്കുന്നതെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. സവർക്കർ മാപ്പെഴുതിയത് ഗാന്ധിജി പറഞ്ഞിട്ടാണെന്ന കേന്ദ്രമന്ത്റി രാജ്നാഥ് സിംഗിന്റെ പ്രസ്താവന ഈ ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ കാൽപ്പാടുകളിലൂടെ എന്ന മുദ്രാവാക്യമുയർത്തി വി.സി. കബീർ നയിക്കുന്ന ഗാന്ധിദർശൻ സമിതിയുടെ ഗാന്ധി സ്മൃതിയാത്രയ്ക്ക് ശിവഗിരിയിൽ കോൺഗ്രസ് പ്രവർത്തകർ നൽകിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയർമാൻ അഡ്വ. സി. രവീന്ദ്രൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. അടൂർ പ്രകാശ് എം.പി, എൻ. പീതാംബരക്കുറുപ്പ്, അഡ്വ. ബി.ആർ.എം ഷെഫീർ, കമ്പറ നാരായണൻ, കെ.എ. ചന്ദ്രൻ, പരശുവയ്ക്കൽ രാധാകൃഷ്ണൻ, വഞ്ചിയൂർ രാധാകൃഷ്ണൻ, പള്ളിക്കൽ മോഹൻ, എം.എം. താഹ, കല്ലമ്പലം ജിഹാദ് തുടങ്ങിയവർ സംസാരിച്ചു.