പിടിയിലായത് ശ്രീകാര്യം സോണൽ ഓഫീസിലെ അറ്റൻഡർ
തിരുവനന്തപുരം: നഗരസഭയിലെ മേഖലാ ഓഫീസുകളിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ ആദ്യ അറസ്റ്റ് നടന്നു. ശ്രീകാര്യം സോണൽ ഓഫീസിലെ നികുതി തുക വെട്ടിച്ച കേസിൽ ഓഫീസ് അറ്റൻഡന്റായിരുന്ന കല്ലറ മുതുവിള നാണംകോട് അക്ഷര ഭവനിൽ ബിജുവാണ് അറസ്റ്റിലായത്. സംഭവത്തിൽ ശ്രീകാര്യം പൊലീസ് കേസെടുത്തതോടെ ഒളിവിലായിരുന്ന ബിജുവിനെ ഇന്നലെ പുലർച്ചെ നാലോടെ കല്ലറ ചുള്ളാളത്ത് നിന്ന് ശ്രീകാര്യം എസ്.ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
മൂന്ന് മേഖലാ ഓഫീസുകളിൽ ശ്രീകാര്യം മേഖലാ ഓഫീസിലാണ് ആദ്യമായി തട്ടിപ്പ് കണ്ടെത്തിയത്. ബാങ്കിലടയ്ക്കാൻ കൊണ്ടുപോയ ഒരു ദിവസത്തെ വരവ് തുകയായ 1.75 ലക്ഷം രൂപയാണ് ഇവിടെ നിന്ന് കാണാതായത്. തുടർന്ന് എല്ലാ ഓഫീസുകളിലും മേയറുടെ നിർദ്ദേശ പ്രകാരം ഓഡിറ്റ് നടത്തിയപ്പോൾ ശ്രീകാര്യത്ത് നിന്ന് മാത്രം 5.12 ലക്ഷം രൂപ നഷ്ടമായതായി കണ്ടെത്തി.
തുടർന്ന് നഗരസഭ അധികൃതർ ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന് പിന്നാലെ ബിജുവിനെ ഒന്നാംപ്രതിയും കാഷ്യർ അനിലിനെ രണ്ടാം പ്രതിയുമാക്കി പൊലീസ് കേസെടുത്തു. ബിജുവാണ് പണം അടയ്ക്കാൻ ബാങ്കിലേക്ക് പോയിരുന്നത്. എന്നാൽ തുക ബാങ്കിലടയ്‌ക്കാതെ ബാങ്കിൽ പണം അടച്ചെന്ന ചെല്ലാൻ കൃത്രിമമായി ഉണ്ടാക്കിയതായി കണ്ടെത്തിയിരുന്നു. ആദ്യം തട്ടിച്ച ഒന്നേമുക്കാൽ ലക്ഷം രൂപ ഇയാൾ ഒരു മാസത്തിന് ശേഷം തിരിച്ചടച്ചു. ബിജുവിനെയും അനിൽകുമാറിനെയും ഓഫീസ് ചുമതലയുള്ള ലളിതാംബികയെയും സംഭവത്തെ തുടർന്ന് നേരത്തെ സസ്‌പെൻഡ് ചെയ്‌തിരുന്നു. കൂടുതൽ പേരെ പ്രതി ചേർത്തേക്കാൻ സാദ്ധ്യതയുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. ബിജുവിനെ റിമാൻഡ് ചെയ്‌തു.
നേമത്തെ പ്രതികൾ ഒളിവിലെന്ന് പൊലീസ്
സോണൽ ഓഫീസുകളിൽ ഏറ്റവും കൂടുതൽ തട്ടിപ്പ് നടത്തിയ നേമം സോണൽ ഓഫീസിലെ പ്രതികളായ രണ്ടുപേർ ഒളിവിലെന്ന് പൊലീസ്. പ്രതികളെ പിടികൂടാനുള്ള ഊർജ്ജിത ശ്രമം നടക്കുകയാണെന്നും ലുക്ക്ഔട്ട് നോട്ടീസ് അടക്കമുള്ള തുടർ നടപടികൾ ഉടനുണ്ടാകുമെന്നും ഫോർട്ട് എ.സി ഷാജി പറഞ്ഞു. എന്നാൽ പൊലീസിന് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മറ്റ് പ്രതികൾക്കായുള്ള തെരച്ചിലും പൊലീസ് ശക്തമാക്കി.