ആര്യനാട്: ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നതിൽ വ്യാപക പ്രതിഷേധം.17 ഡ്രൈവർമാരെയും 13 കണ്ടക്ടർമാരെയുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങളാലും, കൂടുതൽ ദൂരമായതുകൊണ്ടും അവർ ആവശ്യപ്പെട്ട ഡിപ്പോയിലേക്ക് മൂന്നുപേർക്ക് സ്ഥലം മാറ്റം അനുവദിച്ചു. സിറ്റി സർക്കുലർ സർവീസിനായി 12 ഡ്രൈവർമാരെയും സർക്കിളിനുള്ളിലെ അംഗബലം ക്രമീകരിക്കുന്നതിന്റെ ഭാഗമായി രണ്ട് ഡ്രൈവർമാരെയും സ്ഥലംമാറ്റി. 9 കണ്ടക്ടർമാരെ സിറ്റി ഡിപ്പോയിലേക്കും, നാലുപേരെ നെടുമങ്ങാട് ഡിപ്പോയിലേക്കും സ്ഥലംമാറ്റി. ആര്യനാട് ഡിപ്പോയിൽ ഉണ്ടായിരുന്ന 42 ഷെഡ്യൂളിൽ 22 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്. ജീവനക്കാരുടെ സ്ഥലംമാറ്റത്തോടെ പകരം ജീവനക്കാർ എത്തിയില്ലെങ്കിൽ വീണ്ടും മലയോരഗ്രാമങ്ങളിലേക്കുള്ള സർവീസുകൾ കുറയാനാണ് സാദ്ധ്യത. കൂടുതൽ ജീവനക്കാരെ അടിയന്തരമായി നിയമിക്കണമെന്ന് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടു.