യു.ഡി.എഫും സമരം ആരംഭിച്ചു

തിരുവനന്തപുരം: നഗരസഭയിലെ നികുതി തട്ടിപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 15 ദിവസമായി തുടരുന്ന ബി.ജെ.പി സമരത്തിന് പുറമേ ഇന്നലെ യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭയിൽ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ചു.

കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. നഗരസഭയിൽ എൽ.ഡി.എഫ് 40 വർഷം തുടർച്ചയായി നടത്തുന്ന അഴിമതികൾ ഇപ്പോൾ ഒന്നൊന്നായി പുറത്തുവരുന്നു. സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും ഭരണകക്ഷി യൂണിയനിൽപ്പെട്ട പ്രതികൾക്ക് സംരക്ഷണം കൊടുക്കുന്നത് പാർട്ടിയുടെ മുഖം രക്ഷിക്കാനാണെന്നും സിദ്ധിഖ് പറഞ്ഞു. പരിഭ്രാന്തരായ നികുതിദായകരുടെ ആശങ്ക അകറ്റാൻ അടിയന്തരമായി ധവളപത്രം പുറപ്പെടുവിക്കണമെന്നും കുറ്റക്കാരായ എല്ലാവരെയും അറസ്റ്റുചെയ്ത് മാതൃകാശിക്ഷ ഉറപ്പാക്കണമെന്നും സത്യഗ്രഹത്തിന് അഭിവാദ്യം ചെയ്‌ത് ഡോ. ശശി തരൂർ എം.പി പറഞ്ഞു. പി.പദ്മകുമാർ, ജോൺസൺ ജോസഫ്, ശ്യാംകുമാർ, മേരിപുഷ്പം, ആക്കുളം സുരേഷ് തുടങ്ങിയ കൗൺസിലർമാരാണ് സത്യഗ്രഹമനുഷ്ഠിക്കുന്നത്.

ഡി.സി.സി പ്രസിഡന്റ് പാലോട് രവി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. ശരത്ചന്ദ്ര പ്രസാദ്, എം.എ. വാഹിദ്, നേതാക്കളായ ബീമാപ്പള്ളി റഷീദ്, ഇറവൂർ പ്രസന്നകുമാർ, എം.ആർ. മനോജ്, കൊട്ടാരക്കര പൊന്നച്ചൻ, ഡി.സി.സി ഭാരവാഹികളായ അയിര സുരേന്ദ്രൻ, കടകംപള്ളി ഹരിദാസ്, എം. ശ്രീകണ്ഠൻ നായർ, പാളയം ഉദയകുമാർ, ആർ. ഹരികുമാർ, അഭിലാഷ് ആർ. നായർ, വലിയശാല പരമേശ്വരൻ നായർ, ഉള്ളൂർ മുരളി തുടങ്ങിയവർ പങ്കെടുത്തു.

ബി.ജെ.പി സിറ്റി പൊലീസ് കമ്മിഷണർ

ഓഫീസ് മാർച്ച് നടത്തി

വീട്ടുകരം തട്ടിയെടുത്തവരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാകമ്മിറ്റി സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ നേരിയ സംഘർഷം. ഓഫീസിന് മുന്നിൽ ബാരിക്കേഡ് വച്ച് പൊലീസ് മാർച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതിനെ തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചു.

തുടർന്ന് നടത്തിയ ധർണ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ ഉദ്ഘാടനം ചെയ്‌തു. സമരരംഗത്തുനിന്ന് മാറിനിന്ന യു.ഡി.എഫ് ഇപ്പോൾ സമരത്തിന് തയ്യാറായതും കേസിലെ ഒരു പ്രതിയെയെങ്കിലും പൊലീസ് അറസ്റ്റുചെയ്‌തതും ബി.ജെ.പി നടത്തുന്ന സമരത്തിന്റെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽകൃഷ്ണ, വെങ്ങാനൂർ സതീഷ്, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി. ശിവൻകുട്ടി, പ്രൊഫ.വി.ടി. രമ, സംസ്ഥാന സെക്രട്ടറി കരമന ജയൻ, സംസ്ഥാന കൗൺസിൽ അംഗം പോങ്ങുംമൂട് വിക്രമൻ, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ജയരാജീവ് തുടങ്ങിയവർ പങ്കെടുത്തു.