തിരുവനന്തപുരം: പദവി നൽകുന്ന അധികാരത്തെ ജനനന്മയ്ക്കായി വിനിയോഗിക്കണമെന്ന് സിവിൽ സർവീസ് പരീക്ഷാവിജയികളോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഏതു തീരുമാനമെടുക്കുമ്പോഴും സമൂഹത്തിലെ ഏ​റ്റവും ദുർബലരെ അത് എങ്ങനെ ബാധിക്കുമെന്ന ചിന്ത ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ നിന്ന് സിവിൽ സർവീസ് വിജയിച്ചവരെ അനുമോദിക്കാൻ രാജ്ഭവനിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു ഗവർണർ. ഭാരതത്തിന്റെ വൈവിദ്ധ്യത്തെ രാജ്യത്തിന്റെ ശക്തിയായിത്തന്നെ കാണണം. ഏത് ആശയത്തെയും വിശ്വാസത്തെയും സ്വീകരിച്ച മഹത്തായ പാരമ്പര്യമാണ് നമ്മുടേത്. ആ പാരമ്പര്യത്തിന്റെ ഉദാത്ത മാതൃകകൾ പേറുന്ന നാടാണ് കേരളം.

കേരളത്തിലെ സ്ഥിതിസമത്വവും ജീവിതവും മ​റ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. അന്യ സംസ്ഥാനങ്ങളിൽ നിയമനം കിട്ടുന്നവർക്ക് കേരളത്തിന്റെ ഈ മാതൃക അവിടങ്ങളിലേക്ക് എത്തിക്കാനുള്ള അവസരം ലഭിക്കുമെന്നും ഗവർണർ പറഞ്ഞു. റാങ്കുകാരുടെ മാതാപിതാക്കളെയും അദ്ദേഹം അനുമോദിച്ചു.