photo

വെഞ്ഞാറമൂട്: ഉദ്ഘാടനം കഴിഞ്ഞിട്ട് ആറ് വർഷം, എന്നിട്ടും അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വെഞ്ഞാറമൂട്ടിലെ മത്സ്യമാർക്കറ്റ് അഠഞ്ഞുതന്നെ. മഴപെയ്താൽ ഇവിടം ചെളിക്കളമാകും. ഇതിൽ ചവിട്ടിവേണം കച്ചവടക്കാരും ഉപഭോക്താക്കളും മാർക്കറ്റിനകത്ത് കടക്കാൻ. മാർക്കറ്റിന്റെ നിർമ്മാണം ആരംഭിച്ചപ്പോൾ താത്കാലികമായി പ്രൈവറ്റ് ബസ് സ്റ്റാന്റിലേക്ക് മാറ്റിയ മീൻ ലേലം ഇപ്പോഴും അവിടെത്തന്നെ തുടരുകയാണ്. . മാർക്കറ്റിൽ സ്ഥാപിച്ച ഫ്രീസറുകൾ ഉപയോഗിക്കാതെ കിടക്കുന്നതു മൂലം കേടായേക്കുമെന്നും ആശങ്കയുണ്ട്. വ്യാപാകം എല്ലാ സൗകര്യങ്ങളോടും കൂടി നിർമ്മിച്ച മാർക്കറ്റ് കെട്ടിടം ഉള്ളപ്പോൾ ബസ് സ്റ്റാൻഡിൽ ലേലം തുടരുന്നതിൽ പ്രദേശവാസികളിലും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. വൈദ്യുത കണക്ഷൻ ലഭിക്കാത്തതിനാലാണ് മാർക്കറ്റ് തുറന്നു പ്രവർത്തനം ആരംഭിക്കാത്തതെന്നായിരുന്നു മുൻ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് പറഞ്ഞിരുന്നത്. എന്നാൽ, വൈദ്യുതി കണക്ഷൻ ലഭിച്ച് നാല് വർഷം പിന്നിടുകയും പുതിയ ഭരണസമിതി അധികാരമേൽക്കുകയും ചെയ്തിട്ടും മാർക്കറ്റ് തുറന്നില്ല.

** ലക്ഷ്യം ശുചിത്വമുള്ള ചന്ത

ചെളിവെള്ളത്തിലും പൊരിവെയിലിലും വൃത്തിഹീനമായ സാഹചര്യങ്ങളിൽ സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കി ശുചിത്വമുള്ള ചന്തയായി വെഞ്ഞാറമൂട് മാർക്കറ്റിനെ മാറ്റുക എന്ന ലക്ഷ്യത്തോടെ തീരദേശ വികസന കോർപ്പറേഷനാണ് ആധുനിക സംവിധാനങ്ങളോടുകൂടിയ മത്സ്യ മാർക്കറ്റ് പണിതത്. 2.40 കോടി രൂപ ചെലവിട്ടാണ് നിർമ്മാണം പൂർത്തീകരിച്ചത്. മത്സ്യ കച്ചവടത്തിനായുള്ള സ്റ്റാളുകൾ, മീൻ കേടുകൂടാതെ സൂക്ഷിക്കാനുള്ള ഫ്രീസർ, മലിനജലം സംസ്കരിക്കാനുള്ള ട്രീറ്റ്മെന്റ് പ്ലാന്റ് തുടങ്ങിയ സംവിധാനങ്ങളെല്ലാം ഇവിടെ ഒരുക്കിയിരുന്നു.