തിരുവനന്തപുരം:സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക, സമഗ്ര ശുചീകരണം, കുട്ടികളുടെ സുരക്ഷ എന്നിവ വിലയിരുത്തുന്നതിന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ, ആരോഗ്യ പൊലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ, കുടുംബശ്രീ തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരെ ഉൾപ്പെടുത്തി ഒരുക്കങ്ങൾ ക്രമീകരിക്കുന്നതിന് യോഗം ചേരണമെന്ന് ഗ്രാമ - ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർക്ക് ഡി. സുരേഷ് കുമാർ നിർദേശം നൽകി.

സ്‌കൂൾ തലത്തിൽ അദ്ധ്യാപകർ, പി.ടി.ഐ, എസ്.എം.സി, എസ്.ഡി.സി അംഗങ്ങൾ ഇവരെ ഉൾപ്പെടുത്തി ഒക്ടോബർ 20ന് മുൻപായി ക്രമീകരണയോഗങ്ങൾ പൂർത്തിയാക്കണം.

സ്‌കൂൾ തുറക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തം സംബന്ധിച്ച് ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ്‌കുമാർ എസ് അവലോകയോഗത്തിൽ സംസാരിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, ഗ്രാമ - ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, പൊതുവിദ്യാഭ്യാസ വകുപ്പ്, ആരോഗ്യവകുപ്പ്, സാമൂഹ്യ സുരക്ഷാവകുപ്പ്, ആഭ്യന്തര വകുപ്പ്, വനിതാ ശിശുവികസന വകുപ്പ്,ശുചിത്വമിഷൻ, ഹരിതകേരളം മിഷൻ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ എന്നിവയുടെ ജില്ലാതല ഉദ്യോഗസ്ഥരും അവലോകനയോഗത്തിൽ പങ്കെടുത്തു.