തിരുവനന്തപുരം: കെ.പി.സി.സി ഗാന്ധി ദർശൻ സമിതിയുടെ ഗാന്ധി സ്‌മൃതിയാത്ര യൂണിവേഴ്‌സിറ്റി കോളേജിൽ പ്രവേശിക്കുന്നത് വിദ്യാർത്ഥികൾ തടഞ്ഞത് സംഘർഷത്തിന് കാരണമായി. ഇന്നലെ ഉച്ചയ്‌ക്ക് മൂന്നോടെയാണ് സംഭവം. ഗാന്ധിജി പ്രസംഗിച്ച യൂണിവേഴ്‌സിറ്റി കോളേജിലെത്തി മടങ്ങുകയായിരുന്നു സ്‌മൃതിയാത്രയുടെ ലക്ഷ്യം.
തുടർന്ന് യാത്രയിലെ അംഗങ്ങളായ മുൻമന്ത്രി വി.സി. കബീർ, മുൻ എം.എൽ.എ കെ.എ. ചന്ദ്രൻ, അച്ചുതൻ നായർ എന്നിവർ ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒടുവിൽ പൊലീസ് എത്തിയെങ്കിലും വിദ്യാർത്ഥികൾ സംഘടിതരായെത്തി പ്രതിഷേധിച്ചു. ഇതിനിടെ ഗേറ്റിന് പുറത്ത് റോഡരികിൽ ഗാന്ധിജിയുടെ ചിത്രം വച്ച് യാത്രയിലെ അംഗങ്ങൾ പുഷ്പാർച്ചന നടത്തി. സ്‌മൃതിയാത്രക്കാരെ കോളേജിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് വിദ്യാർത്ഥികൾ അറിയിച്ചു.
എന്നാൽ കോളേജിൽ അഞ്ചുപേർക്ക് പ്രവേശിക്കാനുള്ള അനുവാദം പ്രിൻസിപ്പലിൽ നിന്ന് മുൻകൂട്ടി വാങ്ങിയിരുന്നതായി സ്‌മൃതിയാത്രക്കാർ പറഞ്ഞു. സംഘർഷം രൂക്ഷമാകുന്നതിനിടെ യാത്രയിൽ പങ്കെടുത്തവരെ പൊലീസ് അറസ്റ്റുചെയ്‌തു നീക്കി. ഇതോടെയാണ് സംഘർഷം അവസാനിച്ചത്.
മഹാത്മജിയെ ആദരിക്കുന്ന എല്ലാവരും സംഭവത്തിൽ പ്രതിഷേധിക്കണമെന്ന് വി.സി. കബീർ മാസ്റ്റർ ആവശ്യപ്പെട്ടു. ഒക്ടോബർ 2ന് പയ്യന്നൂരിൽ നിന്ന് ഗാന്ധിദർശൻ സമിതി പ്രസിഡന്റ് വി.സി. കബീർ മാസ്റ്ററുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ് യാത്ര. ഇന്നലെ ശിവഗിരിയിൽ നിന്ന് കെ. മുരളീധരൻ ഉദ്ഘാടനം ചെയ്‌ത യാത്രയാണ് യൂണിവേഴ്സിറ്റി കോളേജിലെത്തിയത്.